സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടരുകയാണ്. സെക്രട്ടറിയേറ്റില്‍ ഹാജര്‍ 50 ശതമാനം ആക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. ധന വകുപ്പില്‍ 25 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിട്ടിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് പാെതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നത്. ഇതോടെ ജീവനക്കാര്‍ ആശങ്കയിലാണ്.
കഴിഞ്ഞ ആഴ്ച കാന്റീന് സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതെന്ന തരത്തില്‍ വിമരഞ്സനം ഉയര്‍ന്നിട്ടുണ്ട്. അയ്യായിരത്തിലേറെ പേരാണ് അന്ന് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് വോട്ട് ചെയ്യാനെത്തിയത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു ദിവസം 50 ശതമാനം ജീവനക്കാരെന്ന നിബന്ധന വീണ്ടും നടപ്പിലാക്കണമെന്നാണ് ഫൈനാന്‍സ് സെക്രട്ടറിയേറ്റില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സെക്രട്ടറിയേറ്റില്‍ പൂര്‍ണമായും അണുനശീകരണം വരുത്തണമെന്നും ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരെയും ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.