സിപിഎമ്മിനെ നേരിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുന്നണിയിലെ ഘടകക്ഷി നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് പോലും വര്‍ഗീയത കാണുന്നത് മാന്യതയില്ലാത്ത രാഷ്ട്രീയമാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ നിലയില്‍ നിന്നും ഇത്തവണ കടുത്ത വാക്കുകള്‍ കൊണ്ട് സിപിഎമ്മിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ വര്‍ഗീയമായി വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് തങ്ങള്‍ നേരിട്ട് തന്നെ മറുപടി നല്‍കി. കോഴിക്കോട് ഐശ്വര്യ കേരള യാത്രക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് ഡികെ ശിവകുമാറും സിപിഎം ബിജെപി ബന്ധത്തെ വിമര്‍ശിച്ചു. എല്‍ഡിഎഫിന്റെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തെ ചക്ക വീണ് മുയല്‍ ചത്തതുപോലയൊണെന്നാണ് കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്.