ഇൻ്റർനെറ്റ് വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെ അസാധാരണമായ പ്രതിഷേധത്തിലൂടെ മറികടന്ന് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡല്‍ഹിയിലുമുള്ള പ്രദേശവാസികള്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴിയാണ് കര്‍ഷകരിപ്പോള്‍ ആശയവിനിമയം നടത്തുന്നത്.
ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, സിഖ് ഗുരുദ്വാരകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ട്. വളണ്ടിയര്‍മാര്‍ ഇവിടെ നിന്ന് നല്‍കുന്ന സന്ദേശങ്ങള്‍ പ്രകാരമാണ് അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ സംഘങ്ങളായി പോകുന്നത്.
സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്നും സമരം ശക്തമായി തന്നെ തുടരുമെന്നും രാകേഷ് ടികായത്ത് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേ വിതുമ്പിയ രാകേഷിൻ്റെ വാക്കുകള്‍ കര്‍ഷകര്‍ക്കിടയില്‍ പുതു ഊര്‍ജമാണ് നല്‍കിയത്.
സമരം ശക്തമായ ഹരിയാനയിലെ 17 ജില്ലകളില്‍ നിലവില്‍ ഇൻ്റർനെറ്റ് ലഭ്യമല്ല. ഡല്‍ഹിയിലെ സിംഘു, ഘാസിപ്പൂര്‍, തിക്രി എന്നിവിടങ്ങളിലേയും ഇൻ്റർനെറ്റ് വിച്ഛേദിച്ചു. ഹരിയാന അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപ്പത്ത്, ഹിസാര്‍, ജിന്ദ്, രോഹ്ടക്, ഭിവാനി, ഛര്‍കി ദാദ്രി, ഫത്‌ഹെബാാദ്, റെവാരി, സിര്‍സ, സോണിപത്ത്, ഝാജ്ജര്‍, പല്‍വാല്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മൊബൈല്‍ റീചാര്‍ജിങ്, ബാങ്കിങ് ഒഴികെയുള്ള എസ്എംഎസ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ കാര്‍ഷിക നിയമം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത സമിതിയെ നിയോഗിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് സമിതി അധ്യക്ഷന്‍. മിനിമം താങ്ങുവില അടക്കമുള്ള പ്രശ്‌നങ്ങള്‍ സമിതി പരിശോധിക്കും.
നിയമം ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി അറിയിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
കര്‍ഷകരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുറന്ന സമീപനം സ്വീകരിക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് തീരുമാനത്തിൽ എത്തണെന്നും ഏത് സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.