ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്നെത്തും

0

ആദ്യഘട്ട കൊവിഡ് വാക്സീൻ ഇന്ന് കേരളത്തിലെത്തും. വാക്സീനുമായുള്ള ആദ്യ വിമാനം രാവിലെ 11.30 ന് നെടുമ്പാശേരിയിലാണ് ലാൻ്റ് ചെയ്യുക. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്താണ് രണ്ടാമത്തെ വിമാനമെത്തുക. ഗോ എയർ വിമാനത്തിലെത്തുന്ന വാക്സിൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ആദ്യബാച്ചിൽ 25 ബോക്സുകളാകും ഉണ്ടാകുക. ഇതിൽ 15 ബോക്സുകൾ എറണാകുളത്തേക്കും പത്തു ബോക്സുകൾ കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാകുന്നത്. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സീൻ എത്തിക്കുക.

കേന്ദ്ര സംഭരണ ശാലകളിൽ നിന്ന് എത്തുന്ന കൊവിഷീൽഡ് വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സീൻ നല്‍കും.

ശനിയാഴ്ച തുടങ്ങുന്ന കൊവിഡ് വാക്സിനേഷനുള്ള മരുന്ന് മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒന്ന് ദശാംശം ഒന്ന് കോടി ഡോസ് വാക്സീനാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യ ഘട്ടം വാങ്ങുന്നത്. കേരളത്തിലേതടക്കം രാജ്യത്തെ പതിമൂന്ന് കേന്ദ്രങ്ങളിലേക്ക് അന്‍പത്തിയാറര ലക്ഷം ഡോസ് വാക്സീനാണ് അടിയന്തരമായി എത്തിക്കുന്നത്.