വിജയത്തോളം പോന്നൊരു സമനില

0

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വാഴ്ത്തും പോലെ ആഘോഷിക്കേണ്ടൊരു സമനില തന്നെയാണ് ഇത്. സെഞ്ച്വറിയോളം തന്നെ തിളക്കമുണ്ടായിരുന്നു ഹനുമ വിഹാരിയുടെയും അശ്വിന്‍റെയും ഇന്നിങ്സുകള്‍ക്ക്. മൂന്നാം ടെസ്റ്റ് സമനിലയിലായതോടെ ഇനി പരമ്പരയുടെ വിധി നിര്‍ണ്ണയിക്കുന്നത് ബ്രിസ്ബെയിനില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റാകും.

ഇന്ത്യയെ സംബന്ധിച്ച് ഭേദപ്പെട്ടൊരു പരമ്പരയാവുകയാണ് ഇത്തവണത്തേത്. ഉപഭൂഖണ്ഡത്തിലെ ടീമുകള്‍ക്ക് എന്നും പേടി സ്വപ്നമായിരുന്നു ഓസ്ട്രേലിയന്‍ പര്യടനങ്ങള്‍. സമീപകാല ക്രിക്കറ്റ് ചരിത്രത്തില്‍അതിനൊരു മാറ്റം കുറിച്ചത് 2003ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനമാണ്. സൌരവ് ഗാംഗുലിയുടെ നേതൃത്വത്തിലെത്തിയ ഇന്ത്യന്‍ സംഘം അന്നാദ്യമായി പരമ്പര സമനിലയിലാക്കി. കഴിഞ്ഞ തവണ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമാകട്ടെ ജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തവണ സ്മിത്തും വാര്‍നറുമില്ലാത്ത ടീമിനെതിരെയായിരുന്നു ഇന്ത്യയുടെ വിജയം.

എന്നാല്‍ ഇത്തവണ അങ്ങനെയല്ല. സിഡ്നിയില്‍ വാര്‍നര്‍ കൂടിയെത്തിയതോടെ  ഓസ്ട്രേലിയ തങ്ങളുടെ മുഴുവന്‍ കരുത്തിലേക്ക് തിരിച്ചു വന്നിരുന്നു.  ഇന്ത്യയാകട്ടെ ബൌളിങ്ങിലും ബാറ്റിങ്ങിലും അങ്ങനെയായിരുന്നില്ല. ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങി.  ഇഷാന്ത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ പരമ്പരയ്ക് മുന്നെ പിന്മാറിയപ്പോള്‍ ആദ്യ മല്സരങ്ങള്‍ കഴിഞ്ഞതോടെ മുഹമ്മദ് ഷമിയും ഉമേഷ് യാദവും കൂടി മടങ്ങി. മറുവശത്ത് സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ചൊരു ബൌളിങ് നിരയാണ് ഇപ്പോള്‍ ഓസീസിന്‍റേത്. മക്ഗ്രാത്ത് ഗില്ലെസ്പി വോണ്‍ കാലത്തോളം എത്തില്ലെങ്കിലും  സ്റ്റാര്‍ക്ക് – ഹേസല്‍വുഡ്- കമ്മിന്‍സ് ത്രയം ഏതൊരു ബാറ്റിങ് നിരയുടെയും പേടിസ്വപ്നമാണ്. പേസും കൃത്യതയും ആക്രമണോല്‍സുകതയും എല്ലാം ഒന്നിക്കുന്ന കൂട്ടുകെട്ടാണ് ഇവരുടേത്. അവര്‍ വിശ്വരൂപം പുറത്തെടുത്തപ്പള്‍ അഡലെയ്ഡില്‍ ഇന്ത്യ തകര്‍ന്നടികുയം ചെയ്തു.

 എന്നാല്‍ ലോകത്തെ ഏതൊരു ബാറ്റിങ് നിരയ്ക്കും  ഓസ്ട്രേലിയന്‍ ബൌളര്‍മാരുടെ അന്നത്തെ  സ്പെല്ലിന് മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയുമായിരുന്നില്ലെന്ന് സുനില്‍ ഗാവസ്കര്‍ അടക്കമുള്ള മുന്‍കാല താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു ബൌളിങ് നിരയെ സമര്‍ത്ഥമായി നേരിട്ടായിരുന്നു മെല്‍ബണില്‍ ഇന്ത്യയുടെ വിജയം ഇപ്പോള്‍ സിഡ്നിയില്‍ സമനിലയും.

പരിചയ സമ്പന്നരുടെ ഒഴിവില്‍ ടീമിലെത്തിയ യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ രഹാനെയും പൂജാരയും അടക്കമുള്ള മുതിര്‍ന്ന താരങ്ങളും ഉത്തരവാദിത്തമുള്ള പ്രകടനമാണ് കാഴ്ച വച്ചത്. എന്തായാലും ഇതോടെ ബ്രിസ്ബെയില്‍ നടക്കുന്ന അവസാന ടെസ്റ്റ് ശ്രദ്ധാകേന്ദ്രമാവുകയാണ്. 15ആം തീയതിയാണ് നാലാം ടെസ്റ്റ് തുടങ്ങുക.