HomeKeralaപണി കഴിഞ്ഞിട്ടും പാലം തുറക്കുന്നില്ല; ജനം തുറന്നു, ഒരാൾ അറസ്റ്റിൽ

പണി കഴിഞ്ഞിട്ടും പാലം തുറക്കുന്നില്ല; ജനം തുറന്നു, ഒരാൾ അറസ്റ്റിൽ

പണി പൂർത്തിയായിട്ടും അടച്ചിട്ട് കിടക്കുന്ന വൈറ്റില മേൽപ്പാലം ജനങ്ങൾ തുറന്നു. ഉദ്ഘാടനത്തിന് മുൻപ് പാലം തുറന്നുകൊടുത്ത വി ഫോർ  സംഘടന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

വി ഫോർ കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ വി ഫോർ പ്രവർത്തകർ കഴിഞ്ഞ ദിവസം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവരെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വി ഫോർ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നു. വി ഫോർ  പ്രവർത്തകർ അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത്‌ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപ്പാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തിൽ കടത്തിവിട്ട വാഹനങ്ങൾ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾ ഉണ്ടായതിനാൽ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് മുക്കാൽ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്കുണ്ടായി.

പണി പൂർത്തിയായ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോർ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധിച്ചപ്പോൾ പൊലീസ് ഇവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തങ്ങളുടെ സമരത്തിന്റെ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോർ കൊച്ചിയുടെ നേതാക്കൾ പറയുന്നത്. പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങൾ പൊലീസ് തടഞ്ഞത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വി ഫോർ കൊച്ചി നേതാക്കൾ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

കൊച്ചിയിലെ ഗതാഗത സ്തംഭനത്തിന് പരിഹാരമായി പണിത വൈറ്റില മേൽപ്പാലം പണികഴിഞ്ഞിട്ടും തുറന്നു കൊടുക്കുന്നില്ല. രാഷ്ട്രീയക്കാരെ കൊണ്ടുവന്ന് ഉദ്ഘാടന മാമാങ്കം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതുവരെയും നാട്ടുകാർ ഗതാഗത കുരുക്ക് അനുഭവിച്ചോട്ടെ എന്ന നിലപാടിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ പാലം സ്വന്തമായി തുറന്നത്.

Most Popular

Recent Comments