പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ നിർമ്മാണം സമയബന്ധിതമായി പുരോഗമിക്കുന്നുവെന്ന് വനം മന്ത്രി കെ.രാജു. സുവോളജിക്കൽ പാർക്കിലെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ട നിർമ്മാണങ്ങൾ പൂർത്തിയാക്കി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ഘട്ടമായാണ് പാർക്കിൻ്റെ നിർമ്മാണം പൂർത്തിയാക്കുക. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച പാർക്കാണ് തൃശൂർ പുത്തൂരിൽ ആരംഭിക്കുന്നത്. ജൈവ സമ്പത്ത് നിലനിർത്തിയുള്ള നിർമ്മാണമാണ് പുത്തൂരിലേത്. മൃഗങ്ങളെയും പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും അവരവരുടെ ആവാസ വ്യവസ്ഥയിൽ നിലനിർത്തി സംരക്ഷിക്കും.
തൃശൂർ മൃഗശാലയിൽ നിലവിലുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും.
ആദ്യഘട്ടത്തിൽ പൂർത്തിയായ 4 കൂടുകളിലേക്ക് സിംഹവാലൻ കുരങ്ങുകളെയും പക്ഷികളെയുമാണ് മാറ്റുക. മറ്റുള്ളവയെ കൂടുകൾ പൂർത്തിയാക്കുന്നതനുസരിച്ച് പുത്തൂരിലേക്ക് മാറ്റാനാണ് തീരുമാനം. 330 ഏക്കറോളം പ്രദേശത്താണ് പാർക്ക് ഒരുങ്ങുന്നത്. 350 കോടിയാണ് നിർമ്മാണ ചിലവ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള മൃഗങ്ങളെ പുത്തൂരിൽ എത്തിക്കും. സന്ദർശകർക്ക് സുരക്ഷിതമായി മൃഗങ്ങളെ അടുത്ത് കാണാനുള്ള സൗകര്യമാണ് പുത്തൂരിൽ ഒരുങ്ങുന്നത്. സുവോളജി പാർക്ക് പൂർണ സജ്ജമാകുന്നതോടെ 4 ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. മണൽക്കുഴിയിൽ നിന്ന് വെള്ളം എത്തിക്കാനാണ് തീരുമാനം. ഒപ്പം പാർക്കിനുള്ളിൽ തന്നെയുള്ള കുളങ്ങൾ ജലവിതരണത്തിന് സജീകരിക്കും.
വാഹനങ്ങൾക്കുള്ള പാർക്കിംഗിന് വിപുലമായ സംവിധാനമാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ പുത്തൂരിൽ എത്തുന്ന മൃഗങ്ങളെയും പക്ഷികളെയും കാണാൻ പൊതുജനങ്ങൾക്ക് തൽക്കാലം കഴിയില്ല. മൃഗങ്ങൾ പുതിയ സാഹചര്യത്തോട് ഇണങ്ങിയ ശേഷമാണ് സന്ദർശകരെ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.