ആരോഗ്യ വകുപ്പ് കറവപ്പശു

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആരോഗ്യ വകുപ്പിനെ കറവപ്പശു ആക്കുകയാണ് മുഖ്യമന്ത്രി എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യ മന്ത്രിയെ നോക്കികുത്തിയാക്കി കോടികളുടെ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നടക്കുന്നത്.

ധനസമ്പാദനത്തിനുള്ള കറവപ്പശു ആയി ആരോഗ്യ വകുപ്പ് മാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചു എന്ന കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം. സുതാര്യത ഇല്ലാതെയാണ് സര്‍ക്കാര്‍ ഇടപാടുകള്‍. പിപിഇ കിറ്റ് വാങ്ങിയതിലെ തിരിമറികള്‍ പുറത്തു വന്നതാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഉയര്‍ന്ന വിലക്ക് സ്വകാര്യ കമ്പനിയിയില്‍ നിന്ന് പിപിഇ കിറ്റും മാസ്‌ക്കും വാങ്ങിയത്.

സര്‍ക്കാര്‍ വാങ്ങിയ പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം സംശയം പ്രകടിപ്പിക്കുന്നു. ഗുണനിലവാരം കുറഞ്ഞതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് രോഗ വ്യാപനത്തിന് കാരണം. കോവിഡ് ടെസ്റ്റുകള്‍ 50,000 ആക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടക്കുന്നത് 20,000 മാത്രമാണ്.

കിലോമീറ്ററിന് 224 രൂപ നിരക്കിലാണ് 108 ആംബുലന്‍സുകളെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സ്വകാര്യ ആംബുലന്‍സുകള്‍ 20 രൂപ നിരക്കില്‍ സര്‍വീസ് നടത്തുമ്പോഴാണിത്. എന്നിട്ടും മതിയായ സുരക്ഷയോ സൗകര്യങ്ങളോ ജീവനക്കാരെയോ ഇല്ലാതെയാണ് 108 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നത്. ആരോഗ്യ വകുപ്പിലെ ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.