HomeKeralaമികവിന്റെ കേന്ദ്രമാകാൻ തൃശൂർ ഗവ. മെഡിക്കൽ കോളജ്

മികവിന്റെ കേന്ദ്രമാകാൻ തൃശൂർ ഗവ. മെഡിക്കൽ കോളജ്

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച 65 കോടി രൂപയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ  നാടിന് സമർപ്പിച്ചു. കോവിഡ് രോഗപ്പകർച്ചയും മരണനിരക്കും കുറക്കുന്നതിനായി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു.

തൃശൂർ ഗവ. മെഡിക്കൽ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പരിശ്രമമാണ് നടത്തുന്നത്. നാല് വർഷം കൊണ്ട് വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നതിനൊപ്പം പഠനവും ഗവേഷണവുമാണ് മെഡിക്കൽ കോളജിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
അർബുദരോഗ ചികിത്സയ്ക്കായി 13.725 കോടി രൂപ ചെലവിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ സ്ഥാപിച്ച ലീനിയർ ആക്‌സിലറേറ്റർ ഏറെ കാത്തിരുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ട്രൂബീം എന്ന ഈ അത്യാധുനിക യന്ത്രം ഉപയോഗിച്ച് സാധാരണ കോശങ്ങളെ ഒഴിവാക്കി അർബുദം ബാധിച്ച കോശങ്ങളിലേക്ക് മാത്രം റേഡിയേഷൻ നൽകാൻ കഴിയുന്നു. അതിനാൽ പാർശ്വഫലം കുറയും.

താങ്ങാവുന്ന ചെലവിൽ വന്ധ്യതയ്ക്കുള്ള ഐ.വി.എഫ് ചികിത്സ നൽകാൻ കഴിയുന്ന ലാബ് സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. 1.43 കോടി ചെലവിൽ നിർമ്മിച്ച മറ്റേണിറ്റി അനക്സ് കെട്ടിത്തിൽ വന്ധ്യത ക്ലിനിക്ക്, ഐ.വി.എഫ് ലാബ്, ഐ.സി.എസ്.ഐ എന്നിവയ്ക്ക് പുറമെ കൗമാര പ്രശ്ന പരിഹാര ക്ലിനിക്ക്, ആർത്തവ വിരാമ പ്രശ്ന പരിഹാര ക്ലിനിക്ക് എന്നിവയും ഉണ്ടാവും.

കോവിഡ്-19, നിപ്പ ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾ കണ്ടെത്തുന്നതിനായി ഒന്നര കോടി രൂപ ചെലവഴിച്ച് മൈക്രോ ബയോളജി വിഭാഗത്തിൽ സ്ഥാപിച്ച വൈറോളജി ലാബാണ് ഉദ്ഘാടനം ചെയ്ത മറ്റൊരു പദ്ധതി. ഈ ലാബിൽ പ്രതിദിനം 1,000 ടെസ്റ്റുകൾ നടത്താൻ കഴിയും. സ്വകാര്യ പങ്കാളിത്തത്തോടെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ ഐ.പി. ബെഡുകളിലേക്കും ഓക്സിജൻ എത്തിച്ചുനൽകുന്ന ‘പ്രാണ എയർ ഫോർ കെയർ’ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.

12.81 കോടി രൂപയുടെ പി.ജി. ക്വാർട്ടേഴ്സ്, 7.65 കോടി രൂപയുടെ ശിശുചികിത്സാവിഭാഗം, 6.75 കോടി രൂപ ചെലവഴിച്ച് ജലസ്രോതസ്സുകളുടെ നിർമ്മാണം, ശുദ്ധീകരണ പ്ലാൻറ്, 3.6 കോടി രൂപ ചെലവിൽ മൾട്ടി യൂട്ടിലിറ്റി ഹബ്, 3.11 കോടി ചെലവിൽ വയോജന പരിചരണ പരിശീലന ഗവേഷണ കേന്ദ്രം, 3.09 കോടി ചെലവിൽ വിദ്യാർഥികൾക്ക് മെൻസ് ഹോസ്റ്റൽ, രണ്ടര കോടി ചെലവിൽ പുതിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ലബോറട്ടറി, 2.15 കോടി ചെലവിൽ കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രം, ഒരു കോടി രൂപ ചെലവിൽ ലക്ചർ തിയറ്റർ കോംപ്ലക്സ് രണ്ടാംഘട്ടം, 74 ലക്ഷം രൂപ ചെലവിൽ 11 ഹൈമാസ്റ്റ് വിളക്കുകൾ, 50 ലക്ഷം രൂപ ചെലവിൽ ഖരമാലിന്യ സംസ്‌കരണ കേന്ദ്രം, 75 ലക്ഷം രൂപ ചെലവിൽ ഇ.പി.എ.ബി.എക്സ് സംവിധാനം, 35 ലക്ഷം രൂപ ചെലവിൽ പുതിയ ലിഫ്റ്റ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

അഞ്ച് കോടി രൂപ ചെലവിൽ പണിയുന്ന ലൈബ്രറി കോംപ്ലക്സ്, രണ്ട് കോടി ചെലവിൽ പണിയുന്ന പാരാമെഡിക്കൽ എജുക്കേഷൻ കെട്ടിടം, ഒരു കോടിയുടെ സോളാർ വൈദ്യുത പദ്ധതി, ഒരു കോടിയുടെ സ്‌കിൽ സെൻറർ, മൂന്ന് കോടിയുടെ ചുറ്റുമതിൽ നിർമ്മാണം, നാല് കോടിയുടെ ലേഡീസ് ഹോസ്റ്റൽ നിർമ്മാണം, രണ്ട് കോടിയുടെ ഡ്രഗ് സ്റ്റോർ രണ്ടാം ഘട്ടം, മൂന്ന് കോടിയുടെ പേ വാർഡ് രണ്ടാം ലട്ടം, രണ്ടര കോടിയുടെ കീമോ തെറാപ്പി ഡേ കെയർ സെൻറർ, 70 ലക്ഷത്തിന്റെ സുരക്ഷാ ക്യാമറാ വിന്യാസം, 50 ലക്ഷത്തിന്റെ തെരുവുവിളക്കുകൾ എന്നീ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മെഡിക്കൽ കോളജിൽ 285.54 കോടിയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനും 277.77 കോടിയുടെ മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ മെഡിക്കൽ കോളജിലെ ഓങ്കോളജി, ഇ.എൻ.ടി, കാത്ലാബ്, ഹൃദയശസ്ത്രക്രിയ, നവജാത ശിശു വിഭാഗങ്ങളിലും സ്റ്റാഫ് നഴ്സുകളുടെയും 133 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.

Most Popular

Recent Comments