ചൈനീസ് കടലിലേക്ക് യുഎസ് യുദ്ധക്കപ്പലുകള്‍

0

ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ യുദ്ധക്കപ്പലുകള്‍ അയച്ച് അമേരിക്ക. ചൈനീസ് കടലിലേക്കാണ് അമേരിക്ക രണ്ടു വിമാന വാഹിനി കപ്പലുകളും അകമ്പടി കപ്പലുകളും അയച്ചത്. നിലവില്‍ ചൈനയുടെ അഭ്യാസ പ്രകടനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.

ചൈനയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാന വാഹിനി കപ്പലുകളാണ് ചൈനീസ് കടലിലേക്ക് നീങ്ങുന്നത്. വ്യാപാരം, കൊറോണ വൈറസ് എന്നീ വിഷയങ്ങളില്‍ ചൈനയുമായി കടുത്ത തര്‍ക്കത്തിലാണ് അമേരിക്ക. ഇതിനിടയിലാണ് അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഇന്ത്യക്കെതിരെ ചൈന സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്. ഈ അവസരം ഉപയോഗിച്ച് ചൈനയ്ക്ക് കടുത്ത സമ്മര്‍ദ്ദം നല്‍കാനാണ് അമേരിക്കയുടെ നീക്കം.

വിയറ്റ്‌നാമും ചൈനയും അവകാശവാദം ഉന്നയിക്കുന്ന പാരസൈല്‍ ദ്വീപുകള്‍ക്ക് സമീപമാണ് ഈ മാസം ഒന്നുമുതല്‍ ചൈന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ വിയറ്റ്‌നാമും ഫിലിപ്പൈന്‍സും കടുത്ത പ്രതിഷേധത്തിലാണ്. ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുകയാണെന്നും അയല്‍ രാജ്യങ്ങളെ ഭയപ്പെടുത്തി എണ്ണ, വാതക ശേഖരം എന്നിവ ചൂഷണം ചെയ്യുകയാണെന്നും അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അവകാശ വാദങ്ങള്‍ നിയമവിരുദ്ധമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.