ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

0

ലോക്ക് ഡൗണ്‍ 14 ന് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആസാം, തെലങ്കാന, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഛത്തീസ്ഗഡും ആസാമും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനക്കാര്‍ക്ക് പ്രവേശന പെര്‍മിറ്റ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ആസാം അറിയിച്ചു.

നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തുന്ന ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് മുഖ്യമന്ത്രിമാര്‍ പറയുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരുകയാണ്.

ചില ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ടും ചില സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. രണ്ടാഴ്ച കൂടി നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഘട്ടം ഘട്ടമായി ലോക്ക ഡൗണ്‍ പിന്‍വലിക്കണമെന്നാണ് കെ എം അബ്രഹാം തലവനായ സമിതി ശുപാര്‍ശ ചെയ്തത്.

കോവിഡ് പ്രതിരോധവും ലോക്ക് ഡൗണ്‍ സംബന്ധിച്ചും വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെടുന്നതില്‍ കടുത്ത ആശങ്കയാണ് ആരോഗ്യവകുപ്പ്, മുംബൈയിലും ഡല്‍ഹിയിലും നിരവധി നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.