കറുകമാട്, മുല്ലപ്പുഴ ജലോത്സവം സെപ്തംബർ ഒമ്പതിന്

0

തൃശ്ശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ-സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഡോ. എ.പി.ജെ അബ്‌ദുൾ കലാം എവർറോളിംഗ് ട്രോഫി കറുകമാട്, മുല്ലപ്പുഴ ജലോത്സവം സെപ്തംബർ ഒമ്പതിന് നടക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

ജലോത്സവത്തിൽ ഇരുട്ടുകുത്തി ചുരുളൻ ഓടി വള്ളങ്ങളിലെ എ ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ആറ് വള്ളങ്ങളും ബി ഗ്രേഡ് വിഭാഗത്തിലെ പന്ത്രണ്ട് വള്ളങ്ങളും മത്സരിക്കും. ജലോത്സവത്തിന്റെ ഭാഗമായി പൂക്കള മത്സരം, വടംവലി മത്സരം തുടങ്ങി വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്.

ചാവക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ എൻ.കെ. അക്ബർ എം.എൽ.എ, കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുഹമ്മദ്‌ ഗസ്സാലി, കറുകമാട് കലാ സാംസ്കാരിക വേദി പ്രവർത്തകരായ പി.എ. അബ്ദുൾ റഹീം, പി.എം. മെഹറൂഫ്, എ.കെ. സുബൈർ അലി, കെ.എസ്. കബീർ തുടങ്ങിയവർ പങ്കെടുത്തു.