സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് നടത്തുന്ന ദേശീയ സാമ്പിൾ സർവേയുടെ 80-ാം റൗണ്ട് തൃശ്ശൂർ ജില്ലയിൽ ആരംഭിച്ചു.
നേരത്തെ പേപ്പർ ഷെഡ്യൂളുകൾ ഉപയോഗിച്ച് നടത്തിയിരുന്ന സർവേ ഈ റൗണ്ട് മുതൽ ആധുനിക കമ്പ്യൂട്ടർ ടാബ്‌ലെറ്റുകൾ ഉപയോഗിച്ചാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ അറിയിച്ചു. വ്യക്തികളുടെ ജീവിത നിലവാരം മനസ്സിലാക്കാൻ സഹായിക്കുന്ന സാമൂഹിക, സാമ്പത്തിക മേഖലയിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ സർവേയിലൂടെ ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ ശരിയായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സർവേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു.
19-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ സർവേ ഉദ്ഘാടനം ചെയ്തു. റിസർച്ച് ഓഫീസർമാരായ എം.ജെ ജസ്റ്റിൻ, വി. മനോജ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ലിയോ കാക്കശ്ശേരി എന്നിവർ സംസാരിച്ചു.