ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍; മൂന്നാം വാരത്തിലും ഹിറ്റ്

0

തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ ‘ഗെറ്റ് സെറ്റ് തൃശൂര്‍’ പദ്ധതിക്ക് കീഴില്‍ ആരംഭിച്ച പുതിയ ഉദ്യമമാണ് ‘ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍.” ജീവിത ശൈലിയില്‍ വ്യായാമത്തിനു പ്രാധാന്യം നല്‍കി ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് പദ്ധതി.

മെയ് ആദ്യവാരത്തില്‍ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പരിപാടിയുടെ ഔദ്യോഗിക ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും നടത്തി. എല്ലാ ചൊവ്വാഴ്ചയും ഓഫീസ് പ്രവര്‍ത്തന സമയത്തിന് ശേഷം അനക്‌സ് ഹാളില്‍ നടക്കുന്ന ഫിറ്റ്‌നസ് ട്രെയിനിങ് ക്ലാസുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ ‘ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍’ പദ്ധതിക്ക് കീഴില്‍ നടത്തും.

ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷൻ്റെ ഭാഗമായി ആദ്യ ദിനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് പ്രധിനിധി ഡോ. മുഹമ്മദ് ഷെഫീക്കിൻ്റെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് ട്രെയിനിങ് ക്ലാസും പ്രാഥമിക വ്യായാമ മുറകളുടെ പരിശീലനവും നടന്നു. ജീവനക്കാരുടെ ശാരീരിക മാനസിക ഉന്മേഷത്തിനായി ആയുഷ് മന്ത്രാലയത്തിന് കീഴില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള യോഗ ബ്രേക്ക് പ്രോട്ടോകോളിൻ്റെ ഭാഗമായി, ഓഫീസ് സമയത്തിൻ്റെ ചെറിയ ഇടവേളകളില്‍ ചെയ്യാനാകുന്ന യോഗാ രീതികളും പരിചയപ്പെടുത്തി.

രണ്ടാം ദിനം ഫിറ്റ്‌നസ് കോച്ച് ആന്‍ഡ് ട്രെയിനര്‍ അതുല്‍ ജോയുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് ക്ലാസും ബേസിക് സ്ട്രെസ്സിങ് എക്‌സസൈസ് ട്രെയിനിങ്ങും സംഘടിപ്പിച്ചു. പദ്ധതിയുടെ മൂന്നാം ദിനം മെയ് 13 ന് ഇന്‍ബോഡി അസ്സസ്‌മെന്റ്, ട്രെയിനര്‍ കണ്‍സള്‍ട്ടേഷന്‍, ഫിറ്റ്‌നസ് അവബോധ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

കളക്ടറെ കൂടാതെ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, എഡിഎം ടി. മുരളി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ സി.എസ്. സ്മിതാറാണി, എം.എസി ജ്യോതി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അജിതകുമാരി, സീനിയര്‍ സൂപ്രണ്ട് സി.പി ശ്രീകല തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളിലായി വ്യായാമ പരിശീലനത്തിലും ക്ലാസുകളിലും പങ്കെടുത്തു.