വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മുഖ്യമന്ത്രി 

0

വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് നടന്ന തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണ നടപടികൾ വേഗത്തിൽ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയണം. പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ല രീതിയിൽ സാധിക്കണം. ഈ കാലയളവിൽ പൊതുസമൂഹത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാരും ജനങ്ങളും തമ്മിലുള്ള അടുപ്പം നല്ല രീതിയിൽ വർധിപ്പിക്കാൻ വിവിധ പദ്ധതികളിലൂടെ കഴിഞ്ഞിട്ടുണ്ട്. സർക്കാർ നടപ്പിലാക്കുന്ന ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളുമെല്ലാം അതിൻ്റെ ഉദാഹരണങ്ങളാണ്.

താലൂക്ക് തല അദാലത്ത്, നവകേരള സദസ് പോലുള്ള പരിപാടികളിലൂടെയും പുതിയൊരു ഭരണ സംസ്കാരം വളർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരായവരാണ് നമ്മൾ എല്ലാവരും എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരണം.

2023ലെ മേഖലാതല അവലോകനയോഗം നല്ല രീതിയിൽ വിജയിച്ചുവെന്നത് തുടർ പ്രവർത്തനത്തിൽ നല്ല പ്രചോദനം നൽകിയിട്ടുണ്ട്. പദ്ധതികൾ മുടങ്ങി പോകുന്നതിന്റെ തടസങ്ങൾ പരിശോധിക്കപെടേണ്ട കാര്യമാണ്. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണം. വികസന പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പിലാക്കാനും ക്ഷേമ പദ്ധതികൾ അർഹരായവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സാധിക്കണം. ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസം ഉണ്ടാകാതെ നോക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അങ്ങനെയാണ് ഭരണരംഗം കൂടുതൽ ജനകീയവും ഊർജ്ജസ്വലവും ആവുക. ശ്രദ്ധയോടെയുള്ള തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഇടപെടലോടു കൂടിയാണ് ഉണ്ടാവുക.

പരിഹാരം കാണാൻ സാധിക്കുന്ന പ്രശ്നങ്ങളാണ് മേഖലാ തല അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. അതീവ ഗൗരവമായ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഉന്നയിച്ച പ്രശ്നങ്ങളിൽ സർക്കാർ തലത്തിൽ പരിഹാരം കാണേണ്ടവ പെട്ടെന്നു തന്നെ ചെയ്യണം. ജില്ലാതല അവലോകനയോഗങ്ങൾ ചേരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു സെഷനുകളിലായി നടന്ന മേഖലാതല അവലോകനത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തി മൂന്ന് ജില്ലകളിലെയും മുൻഗണനാ വിഷയങ്ങൾ ചർച്ച ചെയ്തു. ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം, ആർദ്രം, വിദ്യാകിരണം, തദ്ദേശ റോഡ് പുനരുദ്ധാരണം, മാലിന്യ മുക്തം, ഹരിത കേരള മിഷൻ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തി. ഇവയിലെ തടസങ്ങള്‍ നീക്കുന്നതിനുള്ള നയപരമായ സുപ്രധാന തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.

മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, വീണാ ജോര്‍ജ്, ഒ ആർ കേളു, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്,
എ കെ ശശീന്ദ്രന്‍, പി രാജീവ്, എം ബി രാജേഷ്, ഡോ. ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി എ ജയതിലക്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കളക്ടര്‍മാര്‍, വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.