സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൃശ്ശൂരിന്റെ ഹൃദയത്തിലേക്ക് എത്തിച്ച പ്രതിഭകള്‍ അഭിമാനമാണെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കളെ ആദരിക്കുന്ന സുവര്‍ണ്ണോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ കലാ-സര്‍ഗ്ഗവാസനയിലൂടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കണം. അപകടകരമായ ലഹരിക്കും മയക്കമരുന്നിനും എതിരെ നമുക്ക് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലാപരിശീലനങ്ങള്‍ വിശാല മാനവികതയാണ് പകര്‍ന്നു തരുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും കലാപരിപാടികളും നടന്നു. വിദ്യാര്‍ത്ഥികളുടെ പഞ്ചവാദ്യ അകമ്പടിയോടെ ടൗണ്‍ഹാളില്‍ നിന്ന് തേക്കിന്‍കാട് മൈതാനത്തേക്ക് ഘോഷയാത്രയും മെഗാ ഫോട്ടോ സെഷനും നടന്നു. പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി.എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ്, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് തൃശ്ശൂര്‍ ഡി.ഇ.ഒ ഡോ. എ. അന്‍സാര്‍ നന്ദി പറഞ്ഞു.