കേരളത്തിലെ ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖരന്‍ നയിക്കും. നാളെ ഔദ്യോഗിക സ്ഥാനമേല്‍ക്കുന്നതോടെ മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനും ആയ രാജീവ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത പാര്‍ടി അധ്യക്ഷനാകും.
കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭാ അംഗമായിട്ടുള്ള രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാരില്‍ സഹ മന്ത്രിയായിരുന്നു. മാറുന്ന കേരളത്തിന് വികസന മുഖം എന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് രാജീവിന് തുണയായത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വിജയത്തോളം എത്തിയ പോരാട്ടം നടത്തിയത് വികസനം മുഖ്യ വിഷയമാക്കി ഉയര്‍ത്തിയായിരുന്നു. ശശി തരൂര്‍ തോറ്റുപോകും എന്ന് ഉറപ്പിച്ച എതിര്‍സ്ഥാനാര്‍ത്ഥിയായി തിളങ്ങി ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടി.
രാഷ്ട്രീയത്തിനപ്പുറം വികസനത്തിനും മോദി ഗ്യാരണ്ടിക്കും പിന്തുണ നേടാതെ കേരളത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ തൃശൂരിലെ വന്‍ വിജയവും ഇതിന് പിന്തുണയായി. ഇതോടെയാണ് ആറംഗ പാനലില്‍ നിന്ന് രാജീവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം, കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം എന്നിവയുള്ള ഇദ്ദേഹത്തിന്റെ ജനനം അഹമ്മദാബാദില്‍ ആണെങ്കിലും പാലക്കാട് കൊണ്ടിയൂരിലാണ് തറവാടും മറ്റും.