കേരള സര്‍ക്കാരിൻ്റെ അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊള്ളന്നൂര്‍ നഗറില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. നിര്‍മ്മാണോദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎൽഎ നിര്‍വ്വഹിച്ചു. വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.
കൊള്ളന്നൂര്‍ നഗറിൻ്റെ അടിസ്ഥാന വികസനത്തിൻ്റെ ഭാഗമായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍, കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മ്മാണം, റോഡിൻ്റെ സൈഡ് സംരക്ഷണം, അങ്കണവാടിയില്‍ ശിശു സൗഹൃദ ശൗചാലയങ്ങളുടെ നിര്‍മ്മാണം, ഡംപിംഗ് ട്രെഞ്ചസ് ഫില്ലിംഗ്, സംസ്‌കാരിക നിലയത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തികള്‍, കള്‍വെര്‍ട്ട് നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, അങ്കണവാടിയിലേയും സാംസ്‌ക്കാരിക നിലയത്തിലേയും പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എന്നിവയുമാണ് നടപ്പിലാക്കുന്നത്.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഉഷാദേവി അധ്യക്ഷത വഹിച്ചു. പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ലെനിന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിൻ്റി ഷിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി പുഷ്‌ക്കരന്‍, സുഷിത ബാനിഷ്, സ്‌നേഹ സജിമോന്‍, അഖില പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.വി വിനീഷ് സ്വാഗതവും പുഴക്കല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സിനി നന്ദിയും പറഞ്ഞു.