പാലക്കാട് സി കൃഷ്ണകുമാർ മൂന്നാമതാകുമോ

0
പാലക്കാട് സി കൃഷ്ണകുമാർ മൂന്നാമതാകുമോ

വിജയം ഉറപ്പാണെന്ന് കരുതിയിരുന്ന പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മൂന്നാമതാകുമോ എന്ന ആശങ്കയിൽ ബിജെപി നേതാക്കളും പ്രവർത്തകരും. സർവസമ്മതനായ സ്ഥാനാർത്ഥിയെ അല്ല മത്സരിപ്പിക്കുന്നത് എന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് നിരീക്ഷകർ.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ എൻഡിഎ  സ്ഥാനാർത്ഥിയോടുള്ള പ്രവർത്തകരുടെ അകൽച്ച പാർടി തിരിച്ചറിഞ്ഞതാണ്. മിക്ക സ്വീകരണ സ്ഥലങ്ങളിലും ആളൊഴിഞ്ഞ വേദികളായിരുന്നു. അവസാനം മുഖം രക്ഷിക്കാൻ ഏറെ പണിപ്പെട്ടാണ്  പ്രവർത്തകരിൽ കുറച്ചു പേരെയെങ്കിലും നേതൃത്വം എത്തിച്ചിരുന്നത്.

ജില്ലാ സെക്രട്ടറി കെ എം ഹരിദാസ് അടക്കമുള്ള നേതാക്കൾ ഊണും ഉറക്കവും ത്യജിച്ചുള്ള പ്രവർത്തനം നടത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തിയിട്ടും വിജയം ഉറപ്പായ പാലക്കാട് ലോകസഭ മണ്ഡലത്തിൽ മൂന്നാമതെത്താനെ സി കൃഷ്ണകുമാറിന് ആയുള്ളൂ. അതുകൊണ്ട് തന്നെ പാലക്കാട് നിയോജക മണ്ഡലം പോലെ പാർടി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സ്ഥലത്ത് മികവുറ്റയാളെ മത്സരിപ്പാത്തതിൽ അണികൾ നിരാശയിലാണ്.

സ്ഥിരം സ്ഥാനാർത്ഥി, മറ്റാരെയും മത്സരിപ്പിക്കാൻ അനുവദിക്കില്ല തുടങ്ങിയ ചീത്തപ്പേരുകൾ പാലക്കാട് ബിജെപിയിലുണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി പാലക്കാട് പിടിച്ചടക്കാൻ താഴെ തട്ടിലുള്ള പ്രവർത്തകരെയാകെ ഉണർത്താൻ സാധിക്കുന്നയാൾ സ്ഥാനാർത്ഥി ആകണം എന്ന് പ്രവർത്തകരും പല നേതാക്കളും പരസ്യമായും രഹസ്യമായും ആവശ്യപ്പെട്ടിരുന്നതാണ്.  ലോകസഭ തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണവും ശക്തമായ സാഹചര്യത്തിൽ സ്ഥിരം സ്ഥാനാർത്ഥിയെ ഒഴിവാക്കും എന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ.

താഴെ തട്ടിലുള്ള പ്രവർത്തകരുമായും സാധാരണക്കാരുമായും അടുപ്പമില്ലാത്തയാളെ മത്സരിപ്പിക്കരുതെന്ന് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ആവശ്യം ഉയർന്നതാണ്. എന്നാൽ അന്നും പ്രവർത്തകരുടെ വികാരം നേതൃത്വം ഉൾക്കൊണ്ടില്ലാ എന്നാണ് ആക്ഷേപം.

ജില്ലയിലേയും മണ്ഡലത്തിലേയും വികാരം ഉൾക്കൊള്ളാത്ത സ്ഥാനാർത്ഥി നിർണയം തിരിച്ചടിയാവുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിലും ഉണ്ട്. എന്നാൽ ഈ തെരഞ്ഞെടുപ്പിലും പ്രകടനം മോശമായാൽ പിന്നെ ഈ പേര് പരിഗണിക്കേണ്ടല്ലോ എന്ന ആശ്വാസം പറയാതെ പറയുന്ന നേതാക്കളും ഉണ്ട്. ജില്ലാ നേതൃത്വത്തെ കടത്തി വെട്ടി സ്വയം സ്ഥാനാത്ഥിയായതിൽ അണികൾക്ക് പുറമെ നേതാക്കളും പരിഭവത്തിലാണ്.

എല്ലാ തെരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റം നടത്തുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു ജില്ലയിലെയും മണ്ഡലത്തിലേയും തീരുമാനം. അതിനായി പോസ്റ്ററും പ്രചാരണവും തുടങ്ങി. ഈ സമയത്താണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സ്വാധീനിച്ച് സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ എത്തിയതെന്നാണ് ആരോപണം. ഏറെ നിർണായകമായ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത തേടാതെയുള്ള സംസ്ഥാന നേതൃത്വ തീരുമാനത്തിൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയുണ്ട്.

കഴിഞ്ഞ തവണ ഇ ശ്രീധരൻ വെറും നാലായിരത്തിൽ താഴെ വോട്ടുകൾക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ശോഭ സുരേന്ദ്രനോ അതു പോലുള്ള ജനപിന്തുണയുള്ളവരോ മത്സരിച്ചാൽ വിജയം ഉറപ്പായിരുന്നു എന്ന് ബിജെപി മണ്ഡലം പ്രവർത്തകർ കണക്കു കൂട്ടിയിരുന്നു. പ്രത്യേകിച്ചും ഡോ. സരിൻ യുഡിഎഫ് വിട്ട് എൽഡിഎഫ് സ്ഥാനാത്ഥിയായി മത്സരിക്കുമ്പോൾ. യുഡിഎഫിൻ്റെ കുറച്ച് വോട്ടുകൾ സരിൻ മറിച്ചാൽ ബിജെപി സ്ഥാനാർത്ഥിക്ക് ജയിക്കാവുന്ന സാഹചര്യമായിരുന്നു.

ശോഭ സുരേന്ദ്രന് വലിയ പിന്തുണയുള്ള ജില്ലയാണ് പാലക്കാട്. കൂടാതെ സ്ത്രീ ആണെന്നതും വോട്ട് സമാഹരിക്കാൻ സഹായകരമാകും. മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരുടെ ഇടയിൽ പ്രത്യേകിച്ചും ഇടതു വലതു മുന്നണികളോട് സമദൂരം പാലിക്കുന്നവരുടെ മനസ്സിളക്കാൻ ശോഭക്ക് കഴിയും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.

ഇനിയിപ്പോൾ ബിജെപി പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിനോ സരിനോ വോട്ട് മറിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. അതോടെ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാത്ഥി സി കൃഷ്ണകുമാർ മൂന്നാമതെത്തുന്ന സാഹചര്യം ഉണ്ടാകും. അതൊഴിവാക്കാൻ എന്ത് ചെയ്യുമെന്ന ആലോചനയിലാണ് ജില്ലാ നേതൃത്വം. റോഡ് ഷോ അടക്കം നടത്തിയ സാഹചര്യത്തിൽ ഇനി സ്ഥാനാർത്ഥി മാറ്റത്തിനും സാധ്യതയില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കും.