തൃശൂര്‍: ഡെങ്കിപനി വ്യാപകമായതോടെ രോഗികളെ ചൂഷണം ചെയ്യുകയാണ് ഫ്രൂട്ട്സ് വ്യാപാരികളെന്ന് പരാതികളുയരുന്നു. ഡെങ്കിപ്പനിക്ക് പഴവര്‍ഗങ്ങളും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇത് മുതലെടുത്ത് ഒറ്റയടിക്ക് വില കുത്തനെ കൂട്ടിയിരിക്കുന്നത്.
ഡെങ്കിപനിക്ക് വ്യാപകമായി ഉപയോഗിക്കുന്ന കിവി പഴത്തിന്റെയും പപ്പായയുടെയും വിലയാണ് കുത്തനെ ഉയര്‍ത്തിയത്. കിവിക്ക് ചെറിയ പഴത്തിനു പോലും അമ്പതു രൂപ വരെയാണ് ഈടാക്കുന്നത്. നേരത്തേ ഒരു പഴത്തിന് മുപ്പത് രൂപ വരെയായിരുന്നു വില. എന്നാല്‍ കിവി പഴം ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതോടെയാണ് വില ഒറ്റയടിക്ക് ഉയര്‍ത്തിയത്.
വില ഉയര്‍ത്തിയതിന്റെ കാരണം ഡെങ്കിപനി വ്യാപകമാകുകയും കിവിയുടെ ഉപയോഗം കൂടുകയും ചെയ്തതോടെയാണെന്ന് വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നു. മൊത്ത കച്ചവടക്കാരാണ് വില കൂട്ടിയത്. തങ്ങളല്ല. അവര്‍ ഒറ്റയടിക്ക് വില കൂട്ടി തരുന്നതിനാല്‍ തങ്ങള്‍ക്കും കൂട്ടി മാത്രമേ വില്‍ക്കാനാകൂവെന്ന് വ്യാപാരികള്‍ പറഞ്ഞു. ഡെങ്കിപനിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് കിവിക്കും പപ്പായയക്കും വില കൂട്ടിയത്.
വന്‍ ചിലവാണ് അടുത്തയിടയ്ക്കായി തൃശൂരിലെ മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കുന്നത്. എത്ര വിലയായാലും ആളുകള്‍ വാങ്ങിക്കുമെന്നതിനാലും ഫ്രൂട്ട്സിന്റെ വില നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതിനാലും വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കുന്നുവെന്നു മാത്രം.
വില നിയന്ത്രണം വരുത്തണമെങ്കില്‍ മൊത്ത വ്യാപാരികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. അവര്‍ കൊണ്ടുവരുന്ന പഴങ്ങളാണ് വ്യാപാരികള്‍ വാങ്ങിച്ച് വില്‍പന നടത്തുന്നത്. നേരിട്ട് പഴങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. ഈ പഴങ്ങളൊക്കെ വലിയ വിലക്കുറവിലാണ് മൊത്ത വ്യാപാരികള്‍ക്ക് ലഭിക്കുന്നതെന്ന് ചെറുകിട വ്യാപാരികള്‍ പറഞ്ഞു. പക്ഷേ ആവശ്യത്തിനനുസരിച്ച് വില കൂട്ടി കൊണ്ടിരിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഇതൊന്നും ചോദ്യം ചെയ്യാന്‍ കഴിയില്ല. പഴ വിപണിയില്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സംവിധാനവുമില്ല.
തൃശൂര്‍ ജില്ലയില്‍ ഡെങ്കിപനിയും മഞ്ഞപിത്തവും ദിനം പ്രതി വര്‍ധിക്കുകയാണ്. ആശുപത്രികള്‍ പനിക്കാരെ കൊണ്ടു നിറഞ്ഞു കഴിഞ്ഞു. കൊതുകു വഴിയാണ് ഡെങ്കിപനി കൂടുതലായി പകരുന്നത്. ഭക്ഷണത്തില്‍ നിന്ന് മഞ്ഞപിത്തവും പകരുന്നുണ്ട്. ശുചിത്വമില്ലാത്തതാണ് അടിസ്ഥാനപരമായി ഇത്തരം രോഗങ്ങള്‍ വ്യാപകമായി പടരാന്‍ കാരണം. മഴയും വെള്ളപ്പൊക്കവും വന്നതോടെ ഇത് ഇരട്ടിയായെന്നു മാത്രം.