തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടി വരുമെന്ന് ഏതാണ്ട് ഉറപ്പായി. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരസ്യമായി വ്യക്തമാക്കി.
പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന രീതിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് വിശദമായി തന്നെ പരിശോധിച്ച് ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു തന്നെയാണ് തന്റെയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നേതാക്കളായ ടി എന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍, എം പി വിന്‍സന്റ് എന്നിവര്‍ക്കെതിരേയാണ് പാര്‍ട്ടിയിലെ നേതാക്കളും സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരനും പരാതി പറഞ്ഞിരിക്കുന്നത്.
ഇത് തോല്‍വി അന്വേഷിക്കാന്‍ എത്തിയ സമിതിക്കു മുമ്പാകെ തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് ജോസ് വള്ളൂരിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയത്.
തൃശൂരില്‍ കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ ഇവിടെയുള്ള നേതാക്കള്‍ പലരും ആലപ്പുഴ മത്സരിച്ച കെ.സി. വേണുഗോപാലിനെ ജയിപ്പിക്കാനുള്ള തിരക്കിലായിരുന്നുവത്രേ. എം പി. വിന്‍സന്റിന്റെ നേതൃത്വത്തിലാണ് ആലപ്പുഴയില്‍ കെ സി വേണുഗോപാലിനു വേണ്ടി പ്രചരണം നടത്താന്‍ പോയത്. ഇതൊക്കെ പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
അഖിലേന്ത്യാ തലത്തില്‍ സ്വാധീനമുള്ള കെ സി വേണുഗോപാലിന്റെ ഗ്രൂപ്പിലാണിപ്പോള്‍ ഇവിടെയുള്ള മിക്ക നേതാക്കളും. അതിനാല്‍ തന്നെ സംസ്ഥാന നേതൃത്വം എന്തു പറഞ്ഞാലും കാര്യമായ നടപടികളുണ്ടാകില്ലെന്ന നിലപാടിലാണ് ഈ മൂന്നു നേതാക്കളും. പക്ഷേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനടക്കം ഇക്കാര്യത്തില്‍ നടപടി വേണം എന്ന് ആവശ്യക്കാരാണ്. തൃശൂരിലെ തോല്‍വിക്ക് കാരണക്കാരായ നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും ഇത് വലിയ പ്രശ്നമായി ബാധിക്കുമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ടി എന്‍ പ്രതാപന്‍ സീറ്റൊഴിഞ്ഞു കൊടുത്തപ്പോള്‍ പകരമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്. ജോസ് വള്ളൂരിനെതിരേ നടപടിയെടുത്തപ്പോള്‍ ടി എന്‍ പ്രതാപനെതിരേ എന്താണ് നടപടിയെടുക്കാത്തതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. തുല്യമായ നടപടി സ്വീകരിക്കണമെന്നു തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യം.
ജില്ലയില്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നതിനാല്‍ തിനുമുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.