HomeKeralaസംസ്ഥാനത്ത് കനത്ത മഴ നാല് ദിവസം കൂടി തുടരും

സംസ്ഥാനത്ത് കനത്ത മഴ നാല് ദിവസം കൂടി തുടരും

സംസ്ഥാനത്ത് കനത്ത മഴ അടുത്ത നാല് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ സാധ്യതയുമുണ്ട്. ഇതിൻ്റെ ഭാ​ഗമായി പരമാവധി ജാ​ഗ്രത പുലർത്തണം. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത മഴക്ക് പുറമെ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാം.
വെള്ളക്കെട്ടിനെ തുടർന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചു. 500 ഓളം പേരാണ് ദേശീയപാതയിൽ കുടുങ്ങിയത്. എന്നാൽ വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി പതിനൊന്നര വരെ കേരള തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം.

നാളെ രാത്രി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ തീരങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അറബിക്കടലിൽ ചക്രവാതചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിൻ്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Most Popular

Recent Comments