ഈ വര്‍ഷത്തെ മകരവിളക്ക് തീര്‍ത്ഥാടന കാലം ഇന്നാരംഭിക്കും. ശബരിമല നട ഇന്ന് വൈകീട്ട് തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നട തുറന്ന് ദീപം തെളിയിക്കും. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ രാത്രി സന്നിധാനത്ത് ഉണ്ടാകും. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി എന്‍ മഹേഷ് ആണ് ശബരിമലയുടെ പുതിയ മേല്‍ശാന്തി. ഗുരുവായൂര്‍ അഞ്ഞൂര്‍ പൂങ്ങാട്ട് മന പി ജി മുരളിയാണ് മാളികപ്പുറം പുതിയ മേല്‍ശാന്തി.
നാളെ വൃശ്ചികം ഒന്നായ നവംബര്‍ 17ന് പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുക. ഇനിയുള്ള നാളുകള്‍ ശബരിമലയില്‍ പുണ്യ ദര്‍ശനത്തിന്റേതാണ്. ലക്ഷങ്ങള്‍ മലയിലെത്തുന്ന നാളുകള്‍. മകര വിളക്ക് ആഘോഷത്തോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലത്തിന് പരിസമാപ്തിയാകും.