HomeKeralaറേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

റേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ്/ റേഷന്‍ കട സംബന്ധമായ അപേക്ഷകള്‍/പരാതികള്‍/ അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നിവ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കാം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് നിക്ഷേപിക്കാന്‍ കഴിയുക.

പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിലും ഇനിഷ്യലിലും മേല്‍വിലാസത്തിലും കാര്‍ഡുടമയുമായിട്ടുള്ള ബന്ധത്തിലും അംഗങ്ങളുടെ തൊഴില്‍ എല്‍പിജി വിവരങ്ങളിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാം.

റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വരുമാനം, വീടിൻ്റെ, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. ഇത്തരത്തിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ സെന്ററുകള്‍ /സിറ്റിസണ്‍ ലോഗിന്‍ മുഖേനെ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ.

റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം/ അളവ് സംബന്ധിച്ചുള്ള പരാതികള്‍ ലൈസന്‍സി/ സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള പരാതികള്‍, റേഷന്‍ കട നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍/ നിര്‍ദേശങ്ങള്‍ എന്നിവയും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങളും സമര്‍പ്പിക്കാം.

പദ്ധതിയിലൂടെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്കു വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

Most Popular

Recent Comments