കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീനിയര്‍ ഗ്രൌണ്ടില്‍ ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ കാല്‍നാട്ടല്‍ ഒക്ടോബര്‍ 4 ന് രാവിലെ നടത്തും. എ സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 17 കമ്മറ്റികളുടെ ചെയര്‍മാന്‍മാരെയും യോഗം തിരഞ്ഞെടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 9 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, 3 ജില്ലാ പഞ്ചായത്തംഗങ്ങള്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ തുടങ്ങിവരാണ് വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍.
കായികമേളയുടെ നടത്തിപ്പ് മികച്ച രീതിയില്‍ നടത്താന്‍ ഓരോ കമ്മറ്റികളും ഒക്ടോ. 3 നകം യോഗം ചേര്‍ന്ന് 4 ന് റിവ്യൂ മീറ്റിങ് നടത്തും. ഫുഡ് കമ്മറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് – പന്തല്‍ കമ്മറ്റികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍മാര്‍ യോഗത്തെ അറിയിച്ചു.
മുരളി പെരുനെല്ലി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.