ലോകം കീഴടക്കാന്‍ ഇറങ്ങുന്ന പ്രഗ്നാനന്ദയുടെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് രാജ്യത്തെ 135 കോടി ജനങ്ങള്‍. തമിഴ്‌നാട്ടുകാരനായ ഈ 18കാരന്‍ ഇന്ന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാഗ്നസ് കാള്‍സനെ നേരിടും.
ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്നസ് കാള്‍സനും ശേഷം ലോക ചെസ് ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ. 2005ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറ്റിയ ശേഷം ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് ഈ മിടുക്കന്‍.
നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം ഹിക്കാരു നക്കാമുറയെയും സെമിയില്‍ മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ചാണ് ഇന്ത്യയുടെ അഭിമാനം പ്രഗ്നാനന്ദ ഫൈനലില്‍ എത്തിയത്. കാള്‍സനെ 2022ല്‍ തോല്‍പ്പിച്ചിട്ടുണ്ട് ഇന്ത്യന്‍ താരം. അന്ന് എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ പ്രഗ്നാനന്ദയുടെ മുന്നില്‍ കാള്‍സന്‍ തോല്‍വി അറിഞ്ഞു. ഈ ആത്മവിശ്വാസം ഇന്നത്തെ ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് കരുത്താകും.