തൃശൂര്‍ പൂരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രൗഢിയോടെ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണെന്നും ജനങ്ങളെല്ലാം ആവേശത്തിലാണെന്നും റവന്യൂമന്ത്രി കെ രാജന്‍. പൂരത്തിന് മുന്നോടിയായി എട്ട് ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം എംഎല്‍എമാരായ പി ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ എന്നിവരും ക്ഷേത്രസന്ദര്‍ശനത്തില്‍ പങ്കെടുത്തു.
മതനിരപേക്ഷതയുടെ വലിയ ഉത്സവമായി തൃശൂര്‍ പൂരം മാറുകയാണെന്നും ഇത്തവണ വലിയ ജനസഞ്ചയത്തെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആഗോള ടൂറിസം ഭൂപടത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. സര്‍ക്കാരും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളുമായി സഹകരിച്ച് പൂരം വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആളുകള്‍ കൂടുതലായി വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വലിയ ജാഗ്രതയോടെയുള്ള ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ശക്തമായ ചൂട് പരിഗണിച്ച് കൂടുതല്‍ ഇടങ്ങളില്‍ ജല വിതരണ കേന്ദ്രങ്ങളും മെഡിക്കല്‍ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പൂരക്കാഴ്ചകളില്‍ നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്തുന്നതിന് പകരം പരമാവധി ആളുകള്‍ക്ക് സുരക്ഷിതമായി അവ ആസ്വദിക്കുന്നതിനുള്ള നീക്കങ്ങളാണ് സര്‍ക്കാരും ഭരണകൂടവും ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ പൂരം സ്ത്രീ സൗഹൃദത്തോടൊപ്പം ഭിന്നശേഷി സൗഹൃദമായി കൂടിയാണ് നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്ക് കൂടി കുടമാറ്റം ആസ്വദിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
രാവിലെ ആറര മണിയോടെ കണിമംഗലം ക്ഷേത്രത്തില്‍ നിന്നായിരുന്നു സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രം, മുതുവറ ചൂരക്കോട്ട്കാവ് ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും മന്ത്രിയും സംഘവും സന്ദശനം നടത്തി ഭാരവാഹികളുമായി ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലായിടത്തും ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.