കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയഭാവിക്ക് ഏറെ നിര്‍ണായകമായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ 33 തവണ മാറ്റിവെച്ച ഈ കേസ് എന്നും വിവാദമായിരുന്നു.
ജസ്റ്റീസ് എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ അടക്കമുള്ള മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐയാണ് 2017 ഡിസംബറില്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരി 11 ന് കോടതി നോട്ടീസ് അയച്ചെങ്കിലും പിന്നീട് കേസ് മാറ്റിവെച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം മൂലം കേസ് മാറ്റിവെക്കുകയാണെന്നാണ് ആരോപണം.
ഹര്‍ജി നിരന്തരം മാറ്റിവെക്കുന്നതിനെതിരെ ടി പി നന്ദകുമാര്‍ കക്ഷിചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ വക്കീല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇടപ്പെട്ടത്. പിണറായി വിജയനെ കൂടാതെ മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സീസ് എന്നിവരെയാണ് ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.