HomeKeralaവിവ കേരളം: തൃശൂർ ജില്ലയില്‍ ലക്ഷ്യമിടുന്നത് 9,73,594 പേരുടെ സ്‌ക്രീനിംഗ്

വിവ കേരളം: തൃശൂർ ജില്ലയില്‍ ലക്ഷ്യമിടുന്നത് 9,73,594 പേരുടെ സ്‌ക്രീനിംഗ്

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച വിവ കേരളം പദ്ധതിയിൽ തൃശൂർ ജില്ലയിൽ 9,73,594 സ്ത്രീകളിൽ പരിശോധന നടത്തും. 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളിൽ വിളർച്ച (അനീമിയ) കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്നതാണ് മുദ്രാവാക്യം.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണക്കനുസരിച്ച് കേരളത്തിലെ അനീമിയയുടെ തോത് 40 ശതമാനത്തോളമാണ്. വിളര്‍ച്ച പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി മാറുന്നത് തടഞ്ഞ് പരിശോധനയിലൂടെയും ചികിത്സയിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും വിളര്‍ച്ചമുക്ത കേരളത്തിനാണ് വിവ ലക്ഷ്യമിടുന്നത്.

ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ആദിവാസി മേഖലയ്ക്കും തീരദേശ മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കി അഞ്ച് ജില്ലകളിലാണ് ആരംഭിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി 15 മുതല്‍ 59 വയസ്സ് വരെയുള്ള എല്ലാ സ്ത്രീകളിലും 2023 ജൂലൈ മാസത്തോടെ അനീമിയ സ്‌ക്രീനിംഗ് നടത്തും.

തൃശ്ശൂര്‍ ജില്ലയില്‍ 9,73,594 സ്ത്രീകളിലാണ് അനീമിയ സ്‌ക്രീനിംഗ് നടത്തേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹീമോഗ്ലോബിനോമീറ്ററും സ്ട്രിപ്പും ഉപയോഗിച്ച് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കും. സ്വകാര്യ ലാബുകള്‍, സർക്കാർ ലാബുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഹീമോഗ്ലോബിന്‍ പരിശോധനാഫലവും പ്രത്യേക ഗൂഗിള്‍ ഫോം വഴി ശേഖരിക്കും.

മറഞ്ഞിരിക്കുന്ന അനീമിയ നിരവധി ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. അനീമിയയില്‍ നിന്ന് മുക്തി നേടുന്നത് വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനൊപ്പം സാമൂഹിക പുരോഗതിക്കും ഗുണകരമാകുമെന്നതിനാൽ എല്ലാവരെയും ക്യാമ്പയിന്റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Most Popular

Recent Comments