എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട് എത്തും. സഹോദരി പ്രിയങ്ക വധ്രയും കൂടെ ഉണ്ടാകുമെന്നാണ് സൂചന.
രാഹുലിന്റെ വരവിനോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ റോഡ്‌ഷോ ഉണ്ടാകും. സത്യമേവ ജയതേ എന്ന പേരിട്ട പരിപാടി ഉച്ചതിരിഞ്ഞ് മൂന്നിനാണ്. ദേശീയ പതാകകള്‍ വ്യാപകമായി ഉപയോഗിച്ചാവും റോഡ് ഷോ നടക്കുക. റോഡ് ഷോയില്‍ പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി വന്‍ ശക്തി പ്രകടനമാക്കാനാണ് യുഡിഎഫ് നേതൃത്വം പദ്ധതിയിട്ടിട്ടുള്ളത്. അതിനാല്‍ അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുത്തേക്കും.
തുടര്‍ന്ന് ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ നിരവധി പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാകും. ജനാധിപത്യ പ്രതിരോധം എന്ന പേരിലാണ് പരിപാടി നടത്തുന്നത്.
ഒബിസി വിഭാഗക്കാരായ മോദി സമുദായത്തെ ഒന്നടങ്കം രാഹുല്‍ അപമാനിച്ചു എന്നതിനാലാണ് കോടതി ശിക്ഷിച്ചത്. ഇതിനെതിരെ രാഹുല്‍ നല്‍കിയ അപ്പീലില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.