പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് അജിത് പവാര്‍. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (എന്‍സിപി) നേതാവാണ് അജിത് പവാര്‍. നേരത്തെ അദാനി വിഷയത്തില്‍ എന്‍സിപി നേതാവ് ശരത് പവാറും മോദിക്കനുകൂല നിലപാട് എടുത്തിരുന്നു.
നേരത്തെ രണ്ട് എംപിമാര്‍ മാത്രം ഉണ്ടായിരുന്ന പാര്‍ടിയായ ബിജെപിയുടെ ഇന്നത്തെ വളര്‍ച്ചക്ക് പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് അജിത് പവാര്‍ പറഞ്ഞു. വിദൂര സ്ഥലങ്ങളില്‍ പോലും വന്‍ ഭൂരിപക്ഷത്തോടെ അവര്‍ അധികാരത്തില്‍ എത്തി. അത് മോദിയുടെ മാജിക്കല്ലാതെ പിന്നെന്താണ്.
2014ല്‍ വിജയിച്ച ശേഷം നരേന്ദ്ര മോദിക്കെതിരെ നിരവധി പരാമര്‍ശങ്ങള്‍ പ്രതിപക്ഷം നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം കൊയ്തു.
2019 തെരഞ്ഞടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം കൂട്ടി അധികാരത്തില്‍ തുടര്‍ന്നു. ഇപ്പോഴും മോദിയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ എന്താണ് കാര്യം. ജനങ്ങള്‍ അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. വസന്ത്ദാദ പാട്ടീലിനെ പോലുള്ള മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിമാര്‍ അത്ര വിദ്യാഭ്യാസം ഉള്ളവരല്ലായിരുന്നു. എന്നാല്‍ അവരുടെ ഭരണം വളരെ മികച്ചതായിരുന്നു. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത് അദ്ദേഹത്തിന്റെ കാലത്താണെന്നും അജിത് പവാര്‍ പറഞ്ഞു. മോദിയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.