ഭാരത് ജോഡോ യാത്ര ജനസഞ്ചയം ഏറ്റെടുത്തു: ചെന്നിത്തല

0

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഓരോ ദിവസം പിന്നിടുന്തോറും വലിയ തോതിൽ പൊതുജന സ്വീകാര്യത വർധിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഒരു രാഷ്ട്രീയവും ഇല്ലാത്ത പൊതുസമൂഹം യാത്രയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ യാത്രയിൽ പങ്കാളികളാകുന്നത്. കേരള ചരിത്രത്തിൽ ഇത്രത്തോളം ആവേശം ഉണ്ടാക്കിയ മറ്റൊരു പദയാത്രയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് ഈ യാത്ര മുന്നോട്ട് നീങ്ങുന്നത്. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്ന കാലത്ത് കോൺഗ്രസിൻ്റെ തിരിച്ചുവരവിന് തുടക്കം കുറിക്കുന്ന യാത്രയായി ഭാരത്‌ ജോഡോ യാത്ര മാറുകയാണ്. സിപിഎമ്മും ബിജെപിയും യാത്രയെ എങ്ങനെ അപകീർത്തിപെടുത്താം എന്ന ഗവേഷണത്തിലാണ്. ഈ യാത്ര രാജ്യത്തെ ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഭിന്നിപ്പിച്ചു അധികാരം നേടാനുള്ള ബിജെപി യുടെ ശ്രമങ്ങൾക്കുള്ള താക്കീതായി ഈ യാത്ര മാറുന്നു.

കേരളത്തിൽ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെ എങ്ങനെ കാണണമെന്നതിൽ സിപിഎമ്മിനു സ്ഥിരതയില്ല. അവർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ചിലർ സ്ഥാപിത താല്പര്യങ്ങൾ വെച്ചുകൊണ്ട് യാത്രയ്ക്കെതിരെ വ്യാജവാർത്തകൾ മെനയുകയാണ്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ വിദേശ യാത്രയ്ക്ക് പോകുന്നതിന് ആരും എതിരല്ല. പക്ഷെ കഴിഞ്ഞ യാത്രകളിൽ നിന്നും എന്ത് സംഭാവനയാണ് നാടിന് ഉണ്ടായതെന്ന് അവർ വ്യക്തമാക്കണം.

സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തരമൊരു വിദേശയാത്ര നടത്തുന്നത്. നിയമസഭയിലെ കയ്യാങ്കളി കേസിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ്റെ പ്രതികരണം ഓർമ്മപ്പിശകിൽ നിന്നും ഉണ്ടായതാകും. അന്നത്തെ ധനമന്ത്രിയെ ആക്രമിക്കാൻ വന്നപ്പോൾ തടയുകയാണ് യൂഡിഎഫ് ചെയ്തത്. അവരുടെ അക്രമങ്ങൾ ലോകം മൊത്തം കണ്ടതാണ്. എന്നിട്ടും സിപിഎം ന്യായീകരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.