HomeKeralaകാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥാ 'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന' പ്രകാശനം ചെയ്തു

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥാ ‘ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന’ പ്രകാശനം ചെയ്തു

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് കാര്‍ട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കാര്‍ട്ടൂണുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്‍കാലങ്ങളില്‍ കിട്ടിയിരുന്ന മുന്‍തൂക്കം ഇന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യശ:ശരീരനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ ‘ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനെയും നല്ല കലാകാരനെയും വാര്‍ത്തെടുക്കുന്നതിന് യേശുദാസന്റെ ആത്മകഥ സഹായകമാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രഞ്ജി പണിക്കര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. യേശുദാസന്റെ വരജീവിതം കാര്‍ട്ടൂണുകളുടെ ചരിത്രം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണവും നടത്തി. യേശുദാസന്റെ ദീര്‍ഘകാല സുഹൃത്തായ ഡോ. സിദ്ദീക്ക് അഹമദിന്റെ നേതൃത്വത്തിലുള്ള ഇറാം ഗ്രൂപ്പിന്റെ സംരംഭമായ പുസ്തകക്കടയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

എംപിമാരായ ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.എം. ആരിഫ്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, യൂഹന്നാന്‍ മാര്‍ പോളികോര്‍പസ് മെത്രോപോലിത്ത, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ്, പ്രസാധക സമിതി ചെയര്‍മാനും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീക്ക് അഹമദ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ മകന്‍ സാനു യേശുദാസന്‍ തുടങ്ങി രാഷ്ടീയ, മാധ്യമ, കാര്‍ട്ടൂണ്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനോട് അനുബന്ധിച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

Most Popular

Recent Comments