HomeKeralaപ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി, ജനങ്ങളെ തടവിലാക്കി പൊലീസ്

പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി, ജനങ്ങളെ തടവിലാക്കി പൊലീസ്

പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയെ വെല്ലുന്ന സുരക്ഷയൊരുക്കി പൊലീസ്. കോട്ടയത്താണ് ജനത്തെ ദുരിതത്തിലാക്കിയ സുരക്ഷ ധാരാളിത്തം ഒരുക്കിയത്. എന്നാല്‍ ഇതുംമറികടന്ന് യുവമോര്‍ച്ച കരിങ്കൊടി കാട്ടി.

സിപിഎം അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കെജിഒഎ സമ്മേളനത്തിനാണ് പിണറായി വിജയന്‍ കോട്ടയത്ത് എത്തിയത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന സംസ്ഥാനത്ത് ഉയര്‍ന്ന ജനരോഷം ഭയന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. എന്നാല്‍ കോട്ടയം നഗരത്തെ തന്നെ അടച്ചിടും മട്ടിലുള്ള ക്രമീകരണം വരുത്തിയതോടെ ജനങ്ങള്‍ തടവിലായ സാഹചര്യം ഉണ്ടായി.
മുഖ്യമന്ത്രി പോകുന്ന വഴികള്‍ക്ക് പുറമെ ഇടവഴികളും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ജനറല്‍ ആശുപത്രി റോഡും പൊലീസ് അടച്ചിട്ടു. ഇതോടെ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താനും പറ്റാതായി.

മാധ്യമ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറിന് മുമ്പേ സമ്മേളന ഹാളില്‍ എത്തണമെന്നും സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. രാഷ്ട്രപതി. പ്രധാനമന്ത്രി അടക്കമുള്ള അതി വിശിഷ്ട വ്യക്തികള്‍ എത്തുമ്പോഴാണ് പിആര്‍ഡി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാറുണ്ട്. എന്നാല്‍ ഇത്തരമൊരു പരിഷ്‌ക്കാരം സാധാരണ ഉണ്ടാകാറില്ല.

രാവിലെ മുതല്‍ പോലീസ് ഏറ്റെടുത്ത നഗര നിയന്ത്രണം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലാക്കി. കോട്ടയം ജില്ലാ ആശുപത്രിയുടെ ഗേറ്റുകള്‍ പോലും അടച്ചു. ലോകമഹായുദ്ധം പോലുള്ള സജ്ജീകരണങ്ങളാണ് പൊലീസ് നഗരത്തില്‍ എര്‍പ്പെടുത്തിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. പ്രസിഡണ്ട് വന്നപ്പോള്‍ പോലും ഉണ്ടാകാത്ത നിയന്ത്രണങ്ങളും സുരക്ഷയുമാണ് കോട്ടയം നഗരത്തില്‍ എന്നും അദ്ദേഹം പരാതിപ്പെട്ടു.

എന്നാല്‍ ഈ സുരക്ഷ സന്നാഹത്തെ മറകടന്നും ജനങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും സംഭവം പൊലീസിന് നാണക്കേടായി.

Most Popular

Recent Comments