ഡോ സന്തോഷ് മാത്യു എഴുതുന്നു
102 വര്‍ഷത്തിന് ശേഷം ഒരു മാപ്പു പറച്ചിലിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് കൊമഗാട്ട മാരു സംഭവം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആണ് 1914ല്‍ നടന്ന കുപ്രസിദ്ധമായ കൊമഗാട്ട സംഭവം എന്ന പേരില്‍ പിന്നീട് കുപ്രസിദ്ധമായ കൊമഗാട്ട സംഭവത്തിന് ലോകജനതയോട് വിശേഷിച്ച് ഇന്ത്യന്‍ വംശജരോട് മാപ്പിരന്നത്.
സംഭവമിതാണ്-1914ല്‍ കൊമാഗാട്ട മാരു എന്ന ഇന്ത്യന്‍ കപ്പലില്‍, കാനഡയിലെ ഒരു സംസ്ഥാനമായ ബ്രിട്ടീഷ് കൊളംബിയന്‍ തീരത്തെത്തിയ 376 ഇന്ത്യക്കാര്‍ക്ക് കരയിലിറങ്ങാനുള്ള അനുമതി നിഷേധിക്കുകയും അതുവഴി അവരെ നരകയാതനയിലേക്ക് നയിക്കുകയും, പിന്നീട് തിരിച്ചയക്കുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രാകൃതവും ആധുനിക മനുഷ്യാവകാശ സങ്കല്‍പ്പങ്ങളുടെ തനി ലംഘനവുമായി കണക്കാക്കുന്നു. ഇതില്‍ കൂടുതല്‍ പേരും സിഖുകാരുമായിരുന്നു.
കുടിയേറഅറ വിരുദ്ധ വികാരം ലോകമെമ്പാടും ശക്തിയാര്‍ജിക്കുന്ന ഈ വേളയില്‍ ഇതേ വിരുദ്ധ മനോഭാവം തന്നെയാണ് ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതരെയും കൊമഗാട്ട മാരുവിന്‍ വന്നവരെ തിരിച്ചയക്കാന്‍ കാരണമായത്. യാദൃശ്ചികമെന്ന് പറയട്ടെ അന്ന് തിരിച്ചയക്കപ്പെട്ടവരില്‍ പ്രമുഖ സിഖ് വിഭാഗത്തിന്റെ പ്രതിനിധി ഇന്ന് ജസ്‌കിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ ഫെഡറല്‍ മന്ത്രിസഭയിലുണ്ട്. ഇന്ന് കാനഡയില്‍ അഞ്ച് ലക്ഷത്തിലേറെ സിഖുകാരും സിഖുകാരുടെ അരാധനാലയമായ അറുപതിലേറെ ഗുരുദ്വാരകളുമുണ്ട്.
1904ലാണ് ആദ്യ ഗ്രൂപ്പ് സിഖുകാര്‍ കാനഡയിലെത്തുന്നത്. വാന്‍കൂവറില്‍ കപ്പലിറങ്ങിയ സിഖുകാര്‍ ഇന്ന് കുടിയേറ്റക്കാരുടെ പറുദീസ എന്നറിയപ്പെടുന്ന കാനഡയിലെ വലിയൊരു സമ്മര്‍ദ്ദ ഗ്രൂപ്പായി രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ സാമൂഹിക മേഖലയില്‍ മാറിയിരിക്കുകയാണ്.
എന്തിനേറെ 1984ല്‍ സുവര്‍ണക്ഷേത്രം ഒഴിപ്പിക്കാന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ സൈനിക നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് അതിതീവ്ര സിഖ് ഗ്രൂപ്പുകള്‍ കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കനിഷ്‌ക്ക തകര്‍ത്തു, കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായി കണക്കാക്കുന്നതാണ് കനിഷ്‌ക്ക വിമാനം പൊട്ടിത്തെറിച്ച സംഭവം. തീവ്ര സിഖുകാരുടെ പകയാണ് ഇതില്‍ ലോകം ദര്‍ശിച്ചത്. ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പ്രധാന സാമ്പത്തിക സ്രോതസ്സ് ലഭിച്ചതും കനഡയില്‍ നിന്നുള്ള സിഖുകാരില്‍ നിന്നായിരുന്നു.
കൊമഗാട്ട മാരു എന്ന ജപ്പാനീസ് കപ്പല്‍ ഹോങ്കോങ്ങില്‍ നിന്ന് ഷാങ്ഗായ്, ജപ്പാന്‍ വഴിയാണ് 1914ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ കുടിയേറ്റക്കാര്‍ എത്തിയത്. 376 യാത്രക്കാരില്‍ കേവലം 24 പേരെ മാത്രം സ്വീകരിക്കാനെ കനേഡിയന്‍ അധികൃതര്‍ തയ്യാറായുള്ളൂ. യാത്രക്കാരില്‍ പഞ്ചാബില്‍ നിന്നുള്ള 340 സിഖുകാര്‍, 24 മുസ്ലീമുകള്‍, 12 ഹിന്ദുക്കള്‍ തുടങ്ങിയവരുണ്ടായിരുന്നു. ഏതായാലും അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗത്തുനിന്ന് വന്നവരായതിനാല്‍ ബ്രിട്ടന് ഈ സംഭവത്തില്‍ അതീവ ഉത്ക്കണ്ഠ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാശ്ചാത്യ നാടുകളുടെ പലഭാഗത്തുണ്ടായിരുന്ന വര്‍ണവെറിയുടെ ഭാഗമായാണ് രണ്ടുമാസം നങ്കൂരമിട്ട കപ്പലില്‍ കഴിയാന്‍ നിര്‍ബന്ധിതരായ ഇവരെ 1914 ജൂലൈ 23ന് മടക്കി അയച്ച സംഭവം കണക്കാക്കുന്നത്.
ഗുര്‍ദിത്ത് സി്ങ് സന്ദു എന്ന മനുഷ്യസ്‌നേഹിയായ സിഖുകാരന്‍ തന്റെ സഹജീവികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ കാനഡയില്‍ ലഭിക്കുമെന്ന് കരുതിയാണ് കൊമഗാട്ടമാരു എന്ന ജപ്പാന്‍ കപ്പല്‍ വാടകക്കെടുത്തത്. കാരണം ഇന്ത്യയില്‍ നിന്നുള്ള കപ്പലാണെന്നറിഞ്ഞാല്‍ തന്നെ അക്കാലത്ത് വംശീയതയുടെ പേരില്‍ കാനഡയില്‍ പ്രവേശനം നിഷേധിക്കപ്പെടുമായിരുന്നു. അതീവ സാഹസികനായിരുന്ന ഗുര്‍ദിത്ത് സിങ്ങ് സന്ദു മികച്ച ഒരു സംരംഭകന്‍ കൂടിയായിരുന്നു. ഇന്ത്യയുടെ വിമോചനത്തിനായി അമേരിക്കയിലും കാനഡയിലുമായി ശക്തിപ്രാപിച്ചിരുന്ന ഗദ്ദര്‍ പാര്‍ടിയുമായി അദ്ദേഹം ബന്ധപ്പെടുകയും ഹോങ്കോങ്ങില്‍ നിന്ന് പുറപ്പെടുന്ന തങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
1914 ല്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ കൊമഗാട്ട യാത്രക്കാര്‍ക്ക് ലഭിച്ച സ്വീകരണം അത്ര ആശാവഹമായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ വിഘടനവാദികളെ സഹായിക്കാനാണ് അനധികൃതമായി ഇവര്‍ ബ്രിട്ടീഷ് കൊളംബിയയിലേക്ക് യാത്ര നടത്തിയതെന്ന നിഗമനത്തിലായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. ഗുര്‍ദിത്ത് സിങ്ങിന്റെ ഗദ്ദാര്‍ പാര്‍ടിയുമായ ബന്ധം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഒരുമ്പെട്ടത് വലിയൊരു കലാപത്തിന് വഴിവെച്ചു. ഏതായാലും അറസ്റ്റിന് ചെറുത്ത 19 കൊമഗാട്ട യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബാഡ്ജ് കലാപം എന്നാണ് പിന്നീട് ഈ സംഭവത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്.
വൈകാതെ കൊമഗാട്ട മാരു സംഭവത്തിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്ന മനുഷ്യ സ്‌നേഹിയായ ഗുര്‍ദിത്ത് സിംഗ് ബ്രിട്ടീഷ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും 1922 വരെ ഒളിവില്‍ കഴിയുകയും ചെയ്തു. പിന്നീട് പൊലീസ് പിടിയിലായ അദ്ദേഹം അഞ്ച് വര്‍ഷം തടവിലായി. മഹാത്മാഗാന്ധിയുടെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയവാദി ആയിരുന്നു ഗുര്‍ദിത്ത് സിംഗ്.
ഏതായാലും സ്വാതന്ത്ര്യാനന്തരം കൊമഗാട്ട മാരു സംഭവത്തിന് ഉചിതമായ സ്മാരകം 1952ല്‍ ബംഗാളിലെ പര്‍ഗാന ജില്ലയില്‍ സ്ഥാപിച്ചു. ഗുര്‍ദിത്തും സംഘവും മടങ്ങിയെത്തിയ സ്ഥലത്താണ് സ്മരാകം പണിതീര്‍ത്തത്.
കാനഡയുടെ കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട തികച്ചും വിവേചന പൂര്‍ണമായ, വംശവെറി സമീപനത്തിനുള്ള ഒരു ഇന്ത്യന്‍ പ്രതിഷേധം എന്ന നിലയിലാണ് ഗുര്‍ദിത്ത് സിങിന്റെ നേതൃത്വത്തിലുള്ള കൊമഗാട്ട മാരു യാത്രയെ ഇന്ന് വിലയിരുത്തുന്നത്. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ട 1914-18 കാലഘട്ടത്തില്‍ കൊമഗാട്ടമാരു യാത്രികരെ അതീവ ജാഗ്രതയോടെയാണ് ബ്രിട്ടീഷ് അധികൃതര്‍ വീക്ഷിച്ചിരുന്നത്. നിയമലംഘകര്‍ മാത്രമല്ല, ലഹളകള്‍ക്ക് നേതൃത്വം നല്‍കാനും അവരുടെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നും അവര്‍ ശങ്കിച്ചു.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗുര്‍ദിത്ത് സിങ് എന്ന സംരംഭകന്‍ 102 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ വെല്ലുവിളി ഇന്ത്യന്‍ ദേശീയതയുടെ ജ്വലിപ്പിക്കുന്ന സംഭവങ്ങളില്‍ ഒന്നാണ്. ഏതാണ്ട് ആറര കോടി പ്രവാസികളാണ് ഇന്ത്യക്കാരായി ലോകമെമ്പാടും മെച്ചപ്പെട്ട ജീവിതം നയിക്കുന്നത്. വലിയൊരു പങ്ക് ഇന്ത്യന്‍ യുവത ഇന്ന് കാനഡയിലേക്ക് കുടിയേറുന്നുവെങ്കില്‍ , ഇ്ന്ത്യന്‍ കുടിയേറ്റക്കാര്‍ മികച്ച ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിലൊരു പങ്കിന്റെ ക്രെഡിറ്റ് കൊമഗാട്ടമാരു യാത്രികര്‍ക്ക് ഉള്ളതാണ്.
2006ല്‍ ദീപമേത്ത എന്ന സിനിമാ സംവിധായക കൊമാഗാട്ട മാരുവിന് ചലച്ചിത്രാവിഷ്‌ക്കാരം നല്‍കുകയുണ്ടായി. ഏതായാലും ജസ്റ്റിന്‍ ട്രൂഡോയുടെ പരസ്യ ക്ഷമാപണത്തിന്റെ പശ്ചാത്തലത്തില്‍ കൊമഗാട്ട മാരു അനുസ്മരണ ദിനമായ സെപ്തംബര്‍ 29ന് ഇപ്രാവശ്യം തിളക്കമേറും എന്നതില്‍ സംശയമില്ല.
1914 ഏപ്രില്‍ 4ന് ഹോങ്കോങ്ങില്‍ നിന്ന് തുടങ്ങിയ ചരിത്രയാത്ര, മെയ് 23ന് വാന്‍കൂറില്‍ എത്തിയത് മുതല്‍ ചരിത്രം വഴിമാറുകയായിരുന്നു. കരയിലിറങ്ങാന്‍ വംശീയതയുടേയും വര്‍ണവെറിയുടേയും പേരില്‍ അനുമതി നിഷേധിക്കപ്പെട്ട യാത്രികര്‍ ജൂലൈ 23ന് ഇന്ത്യയിലേക്ക് തിരിച്ചതും സെപ്ംതംബര്‍ 27ന് കൊല്‍ക്കത്തയില്‍ അടുത്തതും തുടര്‍ന്ന് നടന്ന കലാപവും നൂറുവര്‍ഷങ്ങള്‍ക്ക് ശേഷവും സാഹസികതയുടേയും ദേശീയതയുടേയും സ്വാതന്ത്ര്യവാഞ്ജയുടേയും പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
ഡോ. സന്തോഷ് മാ്ത്യു
അസി. പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി