മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ ആനൂകൂല്യങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആര്‍ അനില്‍. സർക്കാരിന്റെ ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അർഹരായ ഒരു ലക്ഷം പേരെ മുൻഗണന വിഭാഗങ്ങളായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. സപ്ലൈകോ വെഹിക്കിള്‍ ട്രാക്കിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഓരോ താലൂക്ക് ഓഫീസുകളിലെയും പരിശോധനകൾ പൂർത്തീകരിച്ചതിന് ശേഷം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ 82 കേന്ദ്രങ്ങളിലായി മുൻഗണന വിഭാഗങ്ങളുടെ കാർഡുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റേഷൻകാർഡിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്തി ഒഴിവാക്കി വരികയാണ്. പൊതുവിതരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് ഇതോടെ പൂർണ്ണ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആയിരത്തോളം റേഷൻകടകൾ സ്മാർട്ടായി മാറി. റേഷൻകടകളുടെ ആധുനികവൽക്കരണം നടത്തി വരുന്നതിന്റെ ഭാഗമായി സാധനങ്ങൾ സംഭരിക്കാൻ കഴിയുന്ന രീതിയിൽ റേഷൻകടകളുടെ വലിപ്പം മാറ്റുമെന്നും മന്ത്രി കൂട്ടിചേർത്തു.
ചടങ്ങിൽ വെച്ച് സി എഫ് ആര്‍ ഡി (കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്) ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനം പി ബാലചന്ദ്രന്‍ എംഎല്‍എ നിർവ്വഹിച്ചു.