HomeKeralaതിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

മലയാളത്തിന്റെ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് അന്ത്യം. സംസ്‌ക്കാരം നാളെ.

രണ്ടുമാസമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത്. കാനറാ ബാങ്കില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ആ ജോലി രാജിവെച്ചാണ് സിനിമയിലേക്ക് വന്നത്. നൂറിലധികം സിനിമകള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം അഭിനേതാവായും നിര്‍മ്മാതാവായും തിളങ്ങി.

80കളിലേയും അവിടുന്നിങ്ങോട്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ മിക്ക സിനിമകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് വന്നവയാണ്. ഭരതനൊപ്പം ചെയ്ത സിനിമകള്‍ എക്കാലത്തേയും മികച്ച സിനിമകളാണ്. കാതോട് കാതോരം, യാത്ര, കാറ്റത്തെ കിളിക്കൂട്, അതിരാത്രം, ഓര്‍മ്മക്കായി, ഒരു മിന്നാമിനുങ്ങിന്റെ നുറങ്ങുവെട്ടം, മാളൂട്ടി, ഇണഷ അവിടുത്തെ പോലെ ഇവിടേയും, ചമയം, കേളി തുടങ്ങിയ ജനപ്രിയ സിനിമകളെല്ലാം അദ്ദേഹത്തിന്റേതായിരുന്നു. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ ആണ് അവസാന സിനിമ.

മാക്ട എന്ന സിനിമാ പ്രവര്‍ത്തകരുടെ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
മികച്ച സംവിധായകന്‍, മികച്ച ചലച്ചിത്ര ഗ്രന്ഥം, മികച്ച പരിസ്ഥിതി ചിത്രം, മികച്ച തിരക്കഥ എന്നിങ്ങനെ വിവിധ മേഖലകളില്‍ സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ ജോണ്‍ പോളിനെ തേടിയെത്തി. ടെലിവിഷന്‍ അവതാരകനായും തിളങ്ങി.

Most Popular

Recent Comments