HomeKeralaപീച്ചിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റും: പിന്തുണ ഉറപ്പ് നൽകി മന്ത്രി മുഹമ്മദ് റിയാസ്

പീച്ചിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റും: പിന്തുണ ഉറപ്പ് നൽകി മന്ത്രി മുഹമ്മദ് റിയാസ്

ഒല്ലൂർ നിയോജക മണ്ഡലത്തിന്റെയും പീച്ചിയുടെയും വികസന സാധ്യതകൾക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പുകളുടെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകി  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയസ്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലുംകുഴി – മൈലാടുംപാറ  പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പീച്ചി ടൂറിസവുമായി ബന്ധപ്പെട്ട്  അടിന്തരമായി ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ  റവന്യൂ മന്ത്രിയും സ്ഥലം എം എൽ എയുമായ കെ രാജനുമായി  യോഗം ചേരുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പീച്ചിയെ ടൂറിസം ഹബ്ബായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ  വിശിഷ്ടാതിഥിയായി. 2016- 2017 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 840 ലക്ഷം രൂപയുടെ പ്രവർത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. 715 ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ രൂപകൽപന പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് നിർവഹിച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ആയാണ് പാലം ഡിസൈൻ ചെയ്തിരിക്കുന്നത്.

പാലത്തിന്റെ അഞ്ച് സ്പാനുകളിലായി 125 മീറ്റർ നീളവും ഒരു വശം നടപ്പാതയും മറ്റേ വശം ക്രാഷ് ബാരിയറും ഉൾപ്പെടെ ആകെ 9.50 മീറ്റർ വീതിയുണ്ട്. പട്ടിലുംകുഴി ഭാഗത്ത് 12 മീറ്റർ വീതിയും 7.50 മീറ്റർ നീളവുമുള്ള ഒരു ബോക്സ് കൾവെർട്ടും ഉണ്ട്.

ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷണൽ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി  പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതൽ കട്ടച്ചിറക്കുന്ന പൈപ്പ് ലൈൻ വരെയുള്ള 866 മീറ്റർ റോഡും പട്ടിലാംകുഴി മുതൽ പീച്ചി ഡാം റോഡ് വരെയുള്ള 1118 മീറ്റർ റോഡും പിഡബ്ല്യൂഡി പ്രവർത്തിക്കായി ഉപയോഗിക്കും.

ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പൊതുമരാമത്ത് പാലം സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments