നിളയിലെ പ്ലാസ്റ്റിക് മാലിന്യം പെറുക്കിയും, ശുചീകരിച്ചും വിദ്യാർത്ഥികൾ. നിളയെ അറിയുക, അറിയിയ്ക്കുക ലക്ഷ്യമാക്കി ആരംഭിച്ച നിളാ റിവർ നോളജ് സെന്ററിലെത്തിയ കുളപ്പുള്ളി വിഷ്ണു ആയുർവ്വേദ കോളേജ് എൻ.എസ് .എസ് വിദ്യാർത്ഥികളാണ് പുഴ ശുചീകരണത്തിനിറങ്ങിയത്.
കേന്ദ്ര സർക്കാർ ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള പാലക്കാട് ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, നിളാ വിജ്ഞാന കേന്ദ്രം, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുഴ പഠനം, ചർച്ച, സംവാദം എന്നിവ നടന്നത്. ഷൊർണൂർ നഗര സഭ കൌൺസിലർ ടി. സീന നിള മഹത്വം പഠന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നിളാ വിജ്ഞാന കേന്ദ്രം കോർഡിനേറ്റർ ഐ.ബി.ഷൈൻ ഭാരതപ്പുഴയിലെ ജൈവ വൈവിധ്യം എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു.
ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ സ്മിതി, സന്നദ്ധ സംഘടനയായ വിവേകാനന്ദ യുവശക്തി പ്രസിഡന്റ് എം.ആർ ശരത്, ആയൂർവേദ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. നിവിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. രാവിലെ പുഴയിൽ നടന്ന യോഗ ക്ലാസ്സിന് ഡോ. അനീഷ് കളരിക്കൽ, ഡോ. സാന്ദ്ര ദേവരാജ്എന്നിവർ നേതൃത്വം നൽകി.
പുഴ കാണാനെത്തുന്നവർ പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിയ്ക്കണമെന്നും, പ്ലാസ്റ്റിക് കപ്പുകളിലുള്ള ഐസ്ക്രീം, കുടിവെള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ എന്നിവ കൊണ്ടുവരരുതെന്നും സംഘാടകർ അഭ്യർത്ഥിച്ചു. മാലിന്യ സംഭരണത്തിനായി “വേസ്റ്റ് ബോക്സ്’” പുഴയോരത്ത് വെയ്ക്കുവാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടു. പുഴയിൽ ആഴമുള്ള പ്രദേശത്ത് ഇറങ്ങരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള അഗ്നിശമന സേന മുന്നറിയിപ്പ് ബോർഡ് ക്യാമ്പിന്റെ ഭാഗമായി സ്ഥാപിച്ചു.