പുതിയ പദ്ധതികളും പരിപാടികളും മുന്നോട്ടുവച്ചുകൊണ്ട് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റ് പാസാക്കി. 93,25,00,000 രൂപയുടെ വരവും അത്രതന്നെ തുകയുടെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
കാലഘട്ടം ആവശ്യപ്പെടുന്ന നവീനമായ ആശയങ്ങളും പരിപാടികളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ബജറ്റില്‍ സ്ത്രീ പുരുഷ സമത്വ സന്ദേശവുമായി സമം, ഗ്രന്ഥശാലാതലത്തില്‍ വായനാക്കൂട്ടങ്ങള്‍ രൂപീകരിച്ച് വായനാ വസന്തം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 10,000 ചരിത്ര സംവാദ സദസുകളുടെ ചരിത്രോത്സവം സംഘടിപ്പിക്കുന്നതിനും വിഭാവനം ചെയ്യുന്നു.
സര്‍ക്കാര്‍ ഗ്രാന്റായി 44.98 കോടിയും ലൈബ്രറി സെസ് ആയി 41,25,00,000 കോടി രൂപയും പട്ടികജാതി വികസന ലൈബ്രറി പദ്ധതിയിലൂടെ ലൈബ്രേറിയന്മാരുടെ ശമ്പളമായി 99,00,000 ലക്ഷവും വരവിനത്തില്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. വാര്‍ഷിക ഗ്രാന്റ്, അലവന്‍സ്, ഫെസ്റ്റിവര്‍ അലവന്‍സ് ഇനത്തിലുള്ള 50.50 കോടി രൂപയാണ് ലൈബ്രറി കൗണ്‍സിലിന്റെ പ്രധാന ചെലവ്.
സ്ത്രീ – പുരുഷ സമത്വത്തിന്റെ സന്ദേശവുമായി സമം എന്ന പരിപാടി സംഘടിപ്പിക്കുന്നതാണ് ബജറ്റിലെ ശ്രദ്ധേയമായൊരു നിര്‍ദേശം. വായനവസന്തം പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലകളില്‍ വായനക്കൂട്ടം ആരംഭിക്കുന്നതിനും ഇതിന്റെ ഭാഗമായി വായനാ സംഗമവും മത്സരങ്ങളും സംഘടിപ്പിക്കും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കു ന്നിതിനും സംസ്ഥാന- ജില്ലാ – താലൂക്ക്- ഗ്രന്ഥശാല തലങ്ങളില്‍ ചരിത്രോത്സവം സംഘടിപ്പിക്കുന്നതിനും പ്രാദേശിക ചരിത്ര രചന ഗ്രന്ഥശാലാടി സ്ഥാനത്തില്‍ നടത്തുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു.
കൂടുതല്‍ ട്രൈബല്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോത്രായനം പദ്ധതി കേന്ദ്രങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ രീതിയില്‍ സോഫ്റ്റ് വെയര്‍ നടപ്പിലാക്കും. ശ്രവ്യ വായനാ സങ്കേതങ്ങള്‍ വ്യാപകമാക്കും. സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നവീകരിക്കും.
ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ ലൈബ്രറികളില്‍ പുസ്തകം എത്തിക്കും. ജൂബിലി ഗ്രാന്റ് അനുവദിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ദിശ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സും കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ക്ലാസുകളും പഞ്ചായത്ത് മേഖലാ സമിതിയുടെ നേതൃത്വത്തില്‍ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിക്കും. സമകാലിക വിഷയങ്ങളെ അടയാളപ്പെടുത്തുന്ന പ്രത്യേക പരിപാടികള്‍ നടത്തും.
വയനാട് ജില്ലയിലെ കരാപ്പുഴ അണക്കെട്ടിനു സമീപം ജലസേചന വകുപ്പിന്റെ ഒരേക്കര്‍ സ്ഥലത്ത് അക്ഷരോദ്യാനം നിര്‍മിക്കും. അക്ഷരസേനയെ ശക്തിപ്പെടുത്തിന്നതിന് വിവിധ പ്രവര്‍ത്തനങ്ങളും പരിശീലനവും സംഘടിപ്പിക്കും. നേതൃസമിതി ഗ്രാന്റ് അനുവദിക്കും. വായന ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി ഒത്തുചേരലിന്റെ ഇടങ്ങളില്‍ പുസ്തകക്കൂട് സ്ഥാപിക്കും.
ജയിലുകളിലെ തടവുകാരുടെ മാനസിക പരിവര്‍ത്തനത്തിന് സഹായിക്കുന്നതിന് ജയില്‍ ലൈബ്രറി സര്‍വീസ്, ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ബൗദ്ധിക വികാസത്തിനും സഹായിക്കുന്നതിന് ചില്‍ഡ്രന്‍സ് ഹോം ലൈബ്രറികള്‍, അനാഥമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് വായനാസൗകര്യം ഒരുക്കുന്നതിന് ഓര്‍ഫനേജ് ലൈബ്രറികള്‍, ട്രൈബല്‍ ലൈബ്രറികള്‍, ബ്രെയ്‌ലി ശ്രവ്യഗ്രന്ഥശാല, രോഗം കാരണം ദീര്‍ഘകാലം ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക ആശ്വാസമായി ആരംഭിച്ച ഹോസ്പിറ്റല്‍ ലൈബ്രറി സര്‍വീസ് എന്നിവ ശക്തിപ്പെടുത്തുന്നതിനും ബജറ്റില്‍ പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും നവീകരണ നയരേഖ അംഗീകരിക്കുന്നതിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ ശില്പശാലയും ലൈബ്രറി പ്രവര്‍ത്തക സംഗമവും സാഹിത്യ സമ്മേളനവും സംഘടിപ്പിക്കുന്നതിനും ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റില്‍ നിര്‍ദേശമുണ്ട്. ഗ്രന്ഥശാലകളെ പരമാവധി സജീവമാക്കുവാനും ശാക്തീകരിക്കുവാനും ലക്ഷ്യമിടുന്ന നൂതനമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ആറാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ രണ്ടാമത്തെ ബജറ്റ്.
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി.ജയന്‍ ബജറ്റ് അവതരിപ്പിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി വി.കെ.മധു ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം പി.വി.കെ.പനയാല്‍ പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എം.ബാബു നന്ദിയും പറഞ്ഞു.