HomeKeralaദേശീയപാതയിൽ അപകടങ്ങൾ ആവർത്തിച്ചാൽ അധികൃതർക്കെതിരെ നിയമനടപടി: മന്ത്രി കെ രാജൻ

ദേശീയപാതയിൽ അപകടങ്ങൾ ആവർത്തിച്ചാൽ അധികൃതർക്കെതിരെ നിയമനടപടി: മന്ത്രി കെ രാജൻ

കഴിഞ്ഞ വർഷം മഴക്കാലത്ത് ദേശീയപാതയിൽ ഉണ്ടായതു പോലെ അപകടങ്ങൾ ആവർത്തിച്ചാൽ ദേശീയപാത അതോറിറ്റിക്കെതിരെ ദുരന്തനിവാരണ ആക്ട് പ്രകാരം കേസ് എടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണ്ണുത്തി – വാണിയംപാറ ദേശീയപാതയിലെ പണികൾ അധികൃതർ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അറ്റകുറ്റപ്പണികളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് രാവിലെ 8 മണിക്ക് ദേശീയ പാതയിൽ സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ചേർന്ന ദേശീയപാത അധികൃതരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത അതോറിറ്റിയുടെ പുതിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്തും തദ്ദേശവാസികളും പരാതികൾ ഉന്നയിച്ച സാഹചര്യത്തിലാണ് റവന്യൂ.മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

എൻഎച്ച്എഐയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എതിരെ ഉന്നയിച്ച പരാതികൾ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ കഴിയുമെന്നത് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറെ മാർച്ച് 20ന് മുമ്പായി അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 31ന് മുമ്പായി സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ദേശീയപാത അതോറിറ്റി മഴക്കാലത്തിന് മുമ്പായി തീർക്കാൻ തീരുമാനിച്ച പണികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പല ഘട്ടങ്ങളായി തീർക്കേണ്ട പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പ്രധാനമായി, ദേശീയ പാതയിൽ സിഗ്നൽ, ലൈറ്റ്, ഡ്രൈനേജ് നിർമാണം, കുടിവെള്ള പൈപ്പുകൾ പൊട്ടുക, വീടുകളിലേക്കുള്ള വഴിപ്രശ്‌നം എന്നിങ്ങനെ നാല്പത്തിലധികം പരാതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്.

ഡ്രൈനേജ് പ്രവർത്തനങ്ങൾ അശാസ്ത്രീയമായമാണെന്നും മഴക്കാലത്ത് അഴുക്ക് വെള്ളം റോഡിലേക്ക് കയറി കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണെന്നും അവസ്ഥയാണെന്നും പരാതികൾ ഉയർന്നു. അടുത്ത കാലവർഷത്തിലും ഇതേ അവസ്ഥയാണെങ്കിൽ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

ദേശീയ പാതയിൽ വാഹന അപകടം തുടർക്കഥയാവുക, ദേശീയ പാതയിൽ കൃത്യമായ ലൈറ്റ്, സിഗ്നൽ, സൈൻ ബോർഡ് ,ക്യാമറ, ട്രാഫിക് സൈൻ എന്നിവ സ്ഥാപിക്കാതിരിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഒല്ലൂർ എ സി പി സേതുവും അറിയിച്ചു.

പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജി മധുസൂദനൻ , ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, പോലിസ് ,ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ പങ്കെടുത്തു.

Most Popular

Recent Comments