അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറാട്ട് നടത്തി ബിജെപി. പഞ്ചാബിൽ ഒഴികെ നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. പഞ്ചാബിൽ കറുത്ത കുതിരയായി ആം ആദ്മി പാർടി. എവിടെയും കോൺഗ്രസിന് ശക്തമായ മത്സരം കാഴ്ചവെക്കാൻ പോലും ആയില്ല.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ബിജെപി രണ്ടാമതും അധികാരമേറുകയാണ്. യോഗി ആദിത്യ നാഥ് എന്ന മുഖ്യമന്ത്രിയുടെ വികസന മുദ്രാവാക്യവും നരേന്ദ്രമോദിയെന്ന രാഷ്ട്രീയ തന്ത്രജ്ഞൻ്റെ തേരോട്ടവും ഉത്തർപ്രദേശിനെ പിടിച്ചടുക്കാൻ സഹായിച്ചു. പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി കോൺഗ്രസ് മുഴുവൻ ശക്തിയും പുറത്തെടുത്തിട്ടും രണ്ടക്കം കടക്കാൻ പോലും അവർക്കായില്ല.
പഞ്ചാബിൽ ആംആദ്മി പാർടി അധികാരത്തിലേറുമെന്ന് മുഴുവൻ എക്സിറ്റ് പോളുകളും പ്രവചിച്ചത് അക്ഷരാർത്ഥത്തിൽ ശരിയായി. നൂറ് സീറ്റുകൾ നേടുമെന്ന പ്രവചനത്തിന് ഏതാണ്ട് അടുത്താണ് നിലവിൽ എഎപി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച പ്രമുഖരെല്ലാം പരാജയപ്പെടുന്ന കാഴ്ചയും ഉണ്ട്. സിദ്ധു അടക്കമുള്ളവരെല്ലാം പരാജയ വക്കിലാണ്. കോൺഗ്രസ് വിട്ട് ബിജെപിയോട് അടുത്ത അമരീന്ദർ സിംഗും പിന്നിലാണെന്നാണ് പുതിയ വിവരം.
മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുകയാണ്. ഗോവയിലും അവർക്ക് തന്നെ വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമാണ് നിലവിൽ. കർഷക സമരത്തിൻ്റെ സഹായത്തോടെ ബിജെപിയെ തകർക്കാമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർടികളുടെ കണക്ക് കൂട്ടലുകളാണ് തകർന്നടിഞ്ഞത്. നരേന്ദ്ര മോദി-അമിത് ഷാ കൂട്ട് കെട്ടിനോളം കഴിവുള്ള രാഷ്ട്രീയ നേതൃത്വം നിലവിൽ രാജ്യത്ത് ഇല്ലായെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.