ഉദ്ഘാടനം 10ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത് ഏഴ് സ്‌കൂളുകള്‍. ഫെബ്രുവരി 10ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവകേരളം മിഷന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലേതടക്കം, സംസ്ഥാനത്ത് 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
കിഫ് ബി, വാപ്പ് കോസ്, കില, പ്ലാന്‍ ഫണ്ട്, എംഎല്‍എ ഫണ്ട് എന്നീ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിദ്യാലങ്ങളാണിവ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ എം ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
മൂന്ന് കോടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ചേലക്കര ജി വി എച്ച് എസ് എസ് ദേശമംഗലം, പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട അരണാട്ടുകര ജിയുപിഎസ്, വടക്കാഞ്ചേരി ഓട്ടുപാറ, വെറ്റിലപ്പാറ ജിഎച്ച്എസ്എസ്, കുന്നംകുളം തയ്യൂര്‍ ജിഎച്ച്എസ്എസ്, പുതുക്കാട് ലൂര്‍ദ്ദ്പുരം ജിഎല്‍പിഎസ്, എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട ഗുരുവായൂര്‍ കടപ്പുറം ജിഎഫ് യുപിഎസ് എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
കിഫ്ബിയില്‍ നിന്ന് അനുവദിച്ച 3 കോടി രൂപയും മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപയും ഉപയോഗിച്ചാണ് ജി വി എച്ച് എസ് എസ് ദേശമംഗലം മികവിന്റെ കേന്ദ്രമാകുന്നത്. പുതിയതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് റൂമുകള്‍, അടല്‍ ടിങ്കറിങ് ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, പ്രിന്‍സിപ്പല്‍ റൂം എന്നിവയും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയില്‍ 11 ക്ലാസ് റൂമുകള്‍, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണുള്ളത്.
പ്ലാന്‍ഫണ്ടില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് അരണാട്ടുകര ജിയുപിഎസിന്റെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നാല് ക്ലാസ് മുറികള്‍, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, വാഷ് ഏരിയ എന്നീ സൗകര്യങ്ങളോടെയാണ് നിര്‍മ്മാണം. വടക്കാഞ്ചേരി ജിഎച്ച്എസ്എസില്‍ പ്ലാന്‍ഫണ്ട് ഒരു കോടിരൂപയുപയോഗിച്ച് അഞ്ച് ക്ലാസ് മുറികള്‍, 7 ശുചിമുറികള്‍, വാഷ് ഏരിയ എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. തയ്യൂര്‍ ഗവ ഹൈസ്‌കൂളില്‍ പ്ലാന്‍ഫണ്ടുപയോഗിച്ച് എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. പൊതുമരാമതത്ത് വകുപ്പാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പുതുക്കാട് ലൂര്‍ദ്ദ് പുരം ജിയുപിഎസില്‍ നാല് ക്ലാസ്മുറികള്‍, ഒരു ശുചിമുറി എന്നീ സൗകര്യങ്ങളോടെയും ഓട്ടുപാറ ജിഎല്‍പിഎസില്‍ ഒറ്റനിലയിലായി അഞ്ച് ക്ലാസ് മുറികള്‍, ഒരു ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ശുചിമുറി, ഒരു റാമ്പ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടവുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. എംഎല്‍എ ഫണ്ട് 1.82 ലക്ഷം രൂപ വിനിയോഗിച്ച്, കടപ്പുറം ജിഎഫ് യുപിഎസില്‍ 5500 ചതുരശ്ര അടിയില്‍ 12 ക്ലാസ് മുറികളും എട്ട് ശുചിമുറികളും അടങ്ങിയ കെട്ടിടമാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.