സാമൂഹിക, സാമ്പത്തിക അസമത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് നാം ഇപ്പോഴുമുള്ളതെന്നും അവയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്നും ദേവസ്വം, പിന്നോക്ക ക്ഷേമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന 73-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തെ സമത്വാധിഷ്ഠിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പലതരം വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ആ പ്രതിസന്ധികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലോകം മുഴുവന്‍ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിയാണ്. കോവിഡ് എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിനെയാകെ ബാധിച്ചിരിക്കുന്നു. കോവിഡിനെതിരായ വലിയ പോരാട്ടം നമുക്ക് നടത്തേണ്ടതുണ്ട്. ആ പോരാട്ടത്തിനൊപ്പം തന്നെ സമൂഹത്തിലെ എല്ലാവിധ അസമത്വങ്ങള്‍ക്കും പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ട്‌പോകേണ്ട ഒരു സാഹചര്യത്തില്‍ കൂടിയാണ് 73-ാം റിപ്പബ്ലിക് ദിനം രാജ്യം ആചരിക്കുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ളപ്പോള്‍ തന്നെ കടമയും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരേഡ് സംഘടിപ്പിച്ചത്. തൃശൂര്‍ ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് ഇന്‍സ്പെക്ടര്‍ കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകള്‍ അണിനിരന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ സുഭാഷ് എം, കെ ഗിരീഷ് കുമാര്‍, ഗീതുമോള്‍ എന്നിവര്‍ പൊലീസ് പ്ലട്ടൂണുകൾക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷ് എക്‌സൈസ് പ്ലട്ടൂണിനും നേതൃത്വം നല്‍കി.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ എന്നിവരും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, അസി കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പത്മശ്രീ പുരസ്‌കാര ജേതാവ് വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന മണ്ണുത്തിയിലെ ശോശാമ്മ ഐപ്പ് പരേഡ് വീക്ഷിക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയിരുന്നു. മന്ത്രിയും കലക്ടറും ശോശാമ്മ ഐപ്പിനെ അഭിനന്ദിച്ചു. വെച്ചൂര്‍ പശുക്കളെക്കുറിച്ച് എഴുതിയ ‘വെച്ചൂര്‍ പശു പുനര്‍ജന്മം’ എന്ന പുസ്തകം അവര്‍ മന്ത്രിക്കും കലക്ടര്‍ക്കും നൽകി.