കേരള സർവ്വകലാശാലയുടെ ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ അപമാനിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കാര്യത്തിൽ പ്രതിപക്ഷം സർക്കാരിന് കൂട്ടുനിൽക്കുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംഭവം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ ആക്രമിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നത്. പിണറായി വിജയന്റെ പരിചയാണ് സതീശൻ എന്ന് എല്ലാവർക്കും മനസിലായിരിക്കുന്നു. എകെജി സെന്ററിൽ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങൾക്കുണ്ട്. ഏറ്റവും അപഹാസ്യമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റേത്.
വൈര്യനിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സിപിഎം സർവ്വകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത് ചർച്ചാവിഷയമാവുന്നത് പോലും കേരളത്തിന് അപമാനമാണ്. ചാൻസിലർ പദവി സിപിഎമ്മിന്റെ ദാനമല്ല. മന്ത്രി ബിന്ദു പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കേണ്ടയാളല്ല ഗവർണർ. ഗവർണർ പദവി ആവശ്യമില്ലെന്ന് പരസ്യമായി പറയുന്നവർ ഭരിക്കുന്ന സംസ്ഥാനത്ത് ഗവർണർക്ക് എങ്ങനെ ബഹുമാനം കിട്ടും? രാജ്യത്തിന്റെ ഭരണഘടനയെ പുച്ഛത്തോടെ സമീപിക്കുന്നവരോടൊപ്പം പ്രവർത്തിക്കുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.