കരുതലിൻ്റേയും ചേർത്ത് പിടിക്കലിൻ്റേയും പുതിയ വഴി തുറക്കാൻ സേഫ് ആൻ്റ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസ് ചെയർമാൻ ഡോ. കെ പി പ്രവീൺ. സ്വന്തം വിവാഹാഘോഷമാണ് പാവങ്ങളേയും സാധാരണക്കാരേയും ചേർത്ത് പിടിക്കാൻ അദ്ദേഹം ഉപയോഗിക്കുന്നത്.
വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന റിസപ്ഷൻ അടക്കമുള്ള ആഘോഷങ്ങൾക്ക് നീണ്ട അവധി നൽകുകയാണ് പ്രവീൺ. വിവാഹാഘോഷത്തിന് മുൻപ് സംസ്ഥാനത്തെ സാധാരണക്കാരും നിരാലംബരുമായവർക്ക് അന്നവും മധുരവും നൽകാനാണ് ഇദ്ദേഹത്തിൻ്റെ തീരുമാനം. ഇതിനായി നീക്കിവെക്കുന്നത് നാല് മാസം.
പുതുവര്‍ഷമായ 2022 ജനുവരി ഒന്നിന് രാവിലെ ആറിനും ഏഴിനും ഇടയിൽ ഗുരുവായൂർ ക്ഷേത്ര നടയിലാണ് ഡോ. കെ പി പ്രവീണിൻ്റെ വിവാഹം. മുംബൈ സ്വദേശിനി വയന ചന്ദ്രന്‍ ആണ് വധു. വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് പുതിയ ചരിത്രം കുറിക്കുന്നത്.
ജനുവരി ഒന്നിന് വിവാഹം കഴിഞ്ഞാലും റിസപ്ഷന്‍ തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്നത് ഏപ്രില്‍ 15നാണ്. അതുവരെയുള്ള നാല് മാസക്കാലം സംസ്ഥാനത്തെ 14 ജില്ലകളിലെ പാവപ്പെട്ടവരെ സേവിക്കാനുള്ള സമയമായാണ് ഡോ പ്രവീണ്‍ കാണുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും ഒരു നേരം സദ്യ നല്‍കും. കൂടാതെ അരി, മധുര പലഹാരം തുടങ്ങിയവയും വിതരണം ചെയ്യും.
ജനുവരി രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഈ പരിപാടി ഏപ്രില്‍ 14ന് തിരുവനന്തപുരത്താണ് സമാപിക്കുക. ഓരോ ജില്ലയിലും ഏഴ് ദിവസം നീളുന്ന പരിപാടിയാകും ഉണ്ടാവുക. ജില്ലാ ആസ്ഥാനത്ത് പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ നിരവധി കലാപരിപാടികളും അരങ്ങേറും. തുടർന്നാണ് ക്ഷണിക്കപ്പെട്ടവർക്കുള്ള റിസപ്ഷൻ അടക്കമുള്ള ആഘോഷങ്ങൾ. ഇത് തൃശൂർ, കൊച്ചി, മുംബൈ, ദുബൈ എന്നിവിടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്.