സഹകരണ മേഖലയ്ക്കെതിരായ നീക്കം കേരളത്തെ ലക്ഷ്യം വെച്ചുള്ളത് : മുഖ്യമന്ത്രി

0

പഴയന്നൂരിൽ കെയർ ഹോം 40 കുടുംബങ്ങൾക്ക് ഭവനങ്ങൾ കൈമാറി

രാജ്യത്തെ സഹകരണ മേഖലയ്ക്കെതിരെ ഉയർന്നു വരുന്ന നീക്കങ്ങൾ കേരള ജനതയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയബാധിതർക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ കേരളത്തിലെ ആദ്യത്തെ ഭവന സമുച്ചയങ്ങൾ പഴയന്നൂരിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മാത്രമാണ് സഹകരണ മേഖല ഇത്ര ശക്തവും മാതൃകാപരവുമായി പ്രവർത്തിക്കുന്നത്. കേരളത്തിലെ എന്തിനോടെങ്കിലുമുള്ള വിയോജിപ്പ് സഹകരണ മേഖലയെ അപകടത്തിലാക്കുന്ന നിലയിലേക്ക് എത്തിക്കരുതെന്ന് കേരളം പലവട്ടം അഭ്യർത്ഥിച്ചിട്ടുള്ളതാണ്.

2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 2000 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സഹകരണ വകുപ്പ് ഒന്നാം ഘട്ടത്തിൽ 2000ത്തിലേറെ വീടുകൾ നിർമിച്ചു നൽകിയിരുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണ് ഇത്തരം മാതൃകാപദ്ധതികൾ. കേരളത്തിലെ സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങൾ ജനങ്ങളെയാണ് മുന്നിൽ കാണുന്നത്. അവർക്ക് ഉപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ആഗോളവൽക്കരണ നയങ്ങൾ രാജ്യം അംഗീകരിക്കുന്നതിന് മുമ്പുള്ള കേന്ദ്ര ഭരണകൂടങ്ങൾ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളായിരുന്നു പിന്തുടർന്നത്. എന്നാൽ അതിനുശേഷം സഹകരണ രംഗത്തെ തകർക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. ഇതിനെതിരായ പ്രതിരോധം തീർക്കാൻ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണം. എല്ലാറ്റിനും മുകളിൽ ജനങ്ങളുടെ കരുത്താണ് നിലനിൽക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സർക്കാർ നിർമിച്ചിരിക്കുന്ന ഭവന സമുച്ചയങ്ങളിൽ ഏറ്റവും മനോഹരമാണ് പഴയന്നൂരിൽ സഹകരണ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. മറ്റു ജില്ലകളിലും ഇതുപോലുള്ള കെയർ ഹോം ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെയര്‍ ഹോം ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോമ്പൗണ്ടിൽ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ  മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ രാജന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, മുൻ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായര്‍, പഴയന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ശ്രീജയന്‍, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ യു അബ്ദുള്ള, ജോയിന്റ് രജിസ്ട്രാന്‍ ഇന്‍ ചാര്‍ജ് ടി കെ ലളിതാംബിക, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.