തിരുവല്ല കൊലപാതകം: സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ സുരേന്ദ്രൻ

0

സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിട്ടുണ്ട്. സിപിഎമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരുവല്ലയിൽ പാർട്ടി സമ്മേളനങ്ങളുടെടെ ഭാഗമായി സിപിഎമ്മിൽ വലിയ ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ട്. ഇതിന് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം.  സിപിഎമ്മിലെ ഉന്നതരായ നേതാക്കൾക്ക് കൊലപാതകത്തെ കുറിച്ച് അറിയാമോയെന്ന് അന്വേഷിക്കണം. കൊലപാതകം നടന്നപ്പോൾ സിപിഎം വ്യാപകമായി പോസ്റ്ററുകളും ഫ്ലക്സ്ബോർഡുകളും തിരുവല്ലയിൽ വെച്ചിരുന്നു. പാർട്ടി ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ സംഭവം നടന്ന ഉടനെ പിന്നിൽ ആർഎസ്എസ് ആണെന്ന് പറഞ്ഞു. സിപിഎമ്മിന്റെ പല ഉന്നത നേതാക്കളും ഇത് ഏറ്റെടുത്തു.

കൊല്ലപ്പെട്ടയാളുടെ സന്തത സഹചാരിയും ഡിവൈഎഫ്ഐ നേതാവുമായ അഡ്വ.മനു കൊലപാതകം ഗുണ്ടാസംഘം നടത്തിയതാണെന്ന പോസ്റ്റിട്ടിരുന്നു. എന്നാൽ സിപിഎം നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ കൊണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ നാലു പ്രതികൾ സിപിഎം ബന്ധമുള്ളവരാണ്. സിപിഎം നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല. കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ എങ്ങനെയാണ് പെരിങ്ങര ലോക്കൽ സെക്രട്ടറിയെ വധിച്ച കേസിൽ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കണം. ഇയാൾക്ക് കണ്ണൂരിലെ സിപിഎം കൊട്ടേഷൻ സംഘവുമായി  ബന്ധമുണ്ട്.

കേസിൽ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാർ എന്നിവർ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകൽപോലെ വ്യക്തമാണ്. അവർ പാർട്ടി ക്ലാസുകളിൽ പോകുന്നവരാണ്. ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്വങ്ങളിൽ ഇരിക്കുന്നവരാണ്. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാർട്ടി അംഗവുമാണ്. കേസിലുൾപ്പെട്ട പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നൻ പ്രധാനപ്പെട്ട സിപിഎം പ്രവർത്തകനാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പ്രതികളെ രാത്രിക്ക് രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായ അക്രമം നടത്താനുള്ള സിപിഎം തന്ത്രം പാളിയത്.   അതുകൊണ്ടാണ് സിപിഎം കേസ് അന്വേഷണം അട്ടിറിക്കാൻ ശ്രമിക്കുന്നത്.  ഈ കേസ് പൊലീസ് ശരിയായ രീതിയിലാണ് അന്വേഷിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് പി ആർ നിശാന്തിനി ഐപിഎസിനെതിരെ വലിയ സൈബർ ആക്രമണം നടക്കുന്നത്. സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് സിപിഎം നേതാക്കളാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥയ്ക്കെതിരെ ഭരിക്കുന്ന പാർട്ടി ആസൂത്രിതമായ സൈബർ ആക്രമണം നടത്തുകയാണ്.

കോടിയേരിയുടെ ഭീഷണി വന്നതോടെ പൊലീസ് ഇപ്പോൾ പാർട്ടി പറയും പോലെയാണ് പോകുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്സാണെന്ന് പറഞ്ഞിട്ടില്ല. ആർഎസ്എസ്സിനെതിരെ സംസ്ഥാനത്ത് പുറത്തു നടക്കുന്ന അവാസ്തവമായ കാര്യങ്ങൾ പോലും പറയുന്ന അദ്ദേഹം സത്യം ബോധ്യപ്പെട്ടതു കൊണ്ടാണ് മൗനം അവലംബിച്ചത്.

ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐക്കാർ പൊലീസുകാരനെ ചവിട്ടി കൊന്നപ്പോഴും കോടിയേരി പറഞ്ഞത് ആർഎസ്എസ് കൊന്നെന്നാണ്. നിയമവാഴ്ചയെ നിയന്ത്രിക്കാൻ സിപിഎം ശ്രമിക്കുകയാണ്. വിദഗ്ധസംഘത്തിന് അന്വേഷണം കൈമാറണം. അല്ലെങ്കിൽ ഏതെങ്കിലും ഏജൻസിക്ക് കൈമാറണം. കൊലപാതകം ആർഎസ്എസ്സിന്റെയും ബിജെപിയുടേയും പേരിലാക്കി രക്ഷപ്പെടാമെന്ന് സിപിഎം കരുതണ്ട. അതിനെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.