HomeKeralaതകർന്ന റോഡുകൾ ഉടൻ നന്നാക്കും: ജില്ലാ വികസന സമിതി

തകർന്ന റോഡുകൾ ഉടൻ നന്നാക്കും: ജില്ലാ വികസന സമിതി

ജില്ലയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് തൃശൂർ ജില്ലാ വികസന സമിതി. ഇതുസംബന്ധിച്ച് നിയോജക മണ്ഡലത്തിൽ എം എൽ എമാരുടെ നേതൃത്വത്തിൽ യോഗം ചേരും. തകർന്ന റോഡുകളുടെ വിശദമായ വിവരങ്ങൾ ലഭ്യമാക്കാനും മഴ മാറുന്ന സാഹചര്യത്തിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും നടപടിയെടുക്കും.

നിലവിൽ അപകടാവസ്ഥ മുന്നിൽ കണ്ട് അടിയന്തിരമായി കുഴിയടയ്ക്കൽ നടത്തുകയാണ് പ്രധാന ലക്ഷ്യമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച  ജില്ലാ കലക്ടർ ഹരിത വി കുമാർ വകുപ്പു മേധാവിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം അതീവ ശോചനീയാവസ്ഥയിലായ കാഞ്ഞാണി – മുല്ലശ്ശേരി, മുല്ലശ്ശേരി – ചാവക്കാട് റോഡുകൾ അടിയന്തരമായി നന്നാക്കാനും കലക്ടർ നിർദ്ദേശിച്ചു. തകർന്ന റോഡുകളെ സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് മുൻഗണന എടുക്കേണ്ടതെന്നും കലക്ടർ വ്യക്തമാക്കി.

ജില്ലയിലെ വിദ്യാഭ്യാസ നിലവാരവും അതിനുള്ള ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താൻ സർക്കാർ തലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.

ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി തുടർന്നും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകും. അർഹരായ ഗുണക്താക്കൾക്ക് അതിൻ്റെ പ്രയോജനം നല്ലരീതിയിൽ തന്നെ എത്തിക്കാൻ ശ്രമമുണ്ടാക്കാനും കലക്ടർ നിർദ്ദേശിച്ചു. സുനാമി പുനരധിവാസ വീടുകളുടെ നിർമ്മാണവും കുറ്റമറ്റ നിലയിൽ പൂർത്തിയാക്കും. ആക്ഷേപങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിലെ റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർ തഹസിൽദാർമാരോട് ആവശ്യപ്പെട്ടു.

ഫിറ്റ്നസ് ഇല്ലാത്തതിൻ്റെ പേരിൽ പഠനം താൽക്കാലിക കെട്ടിടത്തിലേയ്ക്ക് മാറ്റിയ ചാവക്കാട് ഇരട്ടപ്പുഴ സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി സമീപ പ്രദേശത്തെ റവന്യൂ വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമി പരിഗണിക്കാൻ സാധ്യമായ നടപടികളെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കി.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡ് പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി വിനിമയ സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കും.

സുഭിക്ഷ കേരളം പദ്ധതിക്ക്  നേതൃത്വം നൽകുന്ന ഓരോ വിഭാഗവും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണം. കാർഷിക മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള വഴിയും ഇതിലൂടെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

എം എൽ എമാരായ  എൻ കെ അക്ബർ, ഇ ടി ടൈസൺ, സനീഷ് കുമാർ ജോസഫ്, കെ കെ രാമചന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Most Popular

Recent Comments