മോദി നിർമ്മിക്കുന്നത് ദീനദയാൽജി സ്വപ്നം കണ്ട ഇന്ത്യ: കെ.സുരേന്ദ്രൻ

0

 പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിക്കുന്നത് ദീനദയാൽജി സ്വപ്നം കണ്ട ഇന്ത്യയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദീൻദയാലിന്റെ ആശയങ്ങൾ എന്നും പ്രസക്തമാണ്. ഇന്ത്യൻ രാജനൈതിക രംഗത്ത് അനിവാര്യമായിരുന്ന പരിഷ്‌ക്കാര ചിന്തകൾക്ക് അടിത്തറയിട്ട നേതാവായിട്ടുവേണം അദ്ദേഹത്തെ വിലയിരുത്താൻ. ദീൻദയാലിന്റെ ദർശനങ്ങൾക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ട് എന്ന് നരേന്ദ്രമോദിയുടെ സർക്കാർ തെളിയിക്കുകയാണ്.

ആത്മീയതയിലൂന്നിയ ജനാധിപത്യം വിഭാവനം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു. സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിർമ്മിതി സാധ്യമാണെന്ന് ദീനദയാൽജി തെളിയിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.

അരവിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ.രാമൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ധർമ്മത്തിന്റെ അടിസ്ഥാനത്തിലാവണം പുരുഷാർത്ഥങ്ങൾ നേടേണ്ടതെന്നായിരുന്നു ദീൻദയാൽജിയുടെ ദർശനമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സന്ദേശമായിരുന്നു. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിറഞ്ഞ സ്വന്തം ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് രാഷ്ട്രസേവനത്തിൽ മുഴുകി രാഷ്ട്ര നിർമ്മാണ ശിൽപിയായി മാറുകയാണ് ദീൻദയാൽജി ചെയ്തത്.

സൊസൈറ്റി സെക്രട്ടറി പ്രൊഫ. പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ട്രെഷറർ പി.രാഘവൻ നന്ദി പറഞ്ഞു.